സംസ്ഥാനത്തിന് അഭിമാന നിമിഷം, ദേശീയപാതയുടെ ആദ്യ റീച്ച് പ്രവൃത്തി പൂര്‍ത്തിയാകുന്നു; മന്ത്രി പി.എ മുഹമ്മദ് റിയാസ്

08:17 PM Apr 22, 2025 |



കാസർകോട് : തലപ്പാടി മുതല്‍ ചെങ്കള വരെ 39 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യറീച്ച് പൂര്‍ണ്ണമായും പ്രവൃത്തി പൂര്‍ത്തിയാകുന്നു, ഇത് സംസ്ഥാനത്തിന് അഭിമാന നിമിഷമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആദ് റീച്ച് സന്ദര്‍ശനത്തിന്റെ ഭാഗമായി 27 മീറ്റര്‍ വീതിയില്‍ ദക്ഷിണേന്ത്യയിലെ ബോക്‌സ് ഗര്‍ഡര്‍ മാതൃകയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂണ്‍ മേല്‍പാലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനം കാസര്‍കോടിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും കേരളത്തിന്റെ വടക്കേ അറ്റത്തെ ആദ്യ റീച്ച് ആദ്യമായി പൂര്‍ത്തീകരിക്കുന്നു എന്നതും പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു.

രണ്ട് മേല്‍പാലങ്ങള്‍, നാല് മേജര്‍ ബ്രിഡ്ജുകള്‍, നാല് മൈനര്‍ ബ്രിഡ്ജുകള്‍, 21 അണ്ടര്‍ പാസുകള്‍, 10 ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍, രണ്ട് ഓവര്‍ പാസുകളും നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇതില്‍ വളരെ പ്രധാനപ്പെട്ടത് കാസര്‍കോട് നഗരത്തിലൂടെയുള്ള 1.12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒറ്റത്തൂണ്‍ മേല്‍പാലമാണ്. 27 മീറ്റര്‍ വീതിയില്‍ ദക്ഷിണേന്ത്യയില്‍ ബോക്‌സ് ഗര്‍ഡര്‍ മാതൃകയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂണ്‍ മേല്‍പാലമാണിത്. അതോടൊപ്പം 210 മീറ്റര്‍ ദൈര്‍ഖ്യമുള്ള മറ്റൊരു മേല്‍പ്പാലം ഉപ്പളയില്‍ സജ്ജമാക്കിയിട്ടുണ്ട്. മൊഗ്രാല്‍, കുമ്പള, ഷിറിയ, ഉപ്പള പുഴകളെ ബന്ധിപ്പിക്കുന്ന വലിയ പാലങ്ങളും ഒരുക്കുന്നു.  

10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിക്കാനിരുന്ന പദ്ധതിയാണ് 2016ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുമായും ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ 5800 കോടി രൂപ ചെലവഴിച്ച് ദേശീയപാത അതോറിറ്റിയം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവൃത്തിച്ചു വരികയാണ്. ഓരോ ഘട്ടത്തിലും മുഖ്യമന്ത്രി വിവിധ റീച്ചുകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വിവിധ വകുപ്പുകളുമായി യോഗം ചേര്‍ന്ന് പരിഹരിച്ചു. ദേശീയപാത പുരോഗതി വിലയിരുത്താന്‍ ഓഫീസ് മീറ്റിങ്ങുകളും ഫീല്‍ഡ് വിസിറ്റുകള്‍ നടത്തിയും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

എം. രാജഗോപാലന്‍ എം.എല്‍.എ, എന്‍.എച്ച്.എ.ഐ ഡെപ്യൂട്ടി മാനേജര്‍ ജസ്പ്രീത്, ടീം ലീഡര്‍ എസ്.കെ സിന്‍ഹ, യു.എല്‍.സി.സി ഡയറക്ടര്‍മാരായ പി. പ്രകാശന്‍, കെ.ടി രാജന്‍, പി.കെ ശ്രീജിത്ത്, പ്രൊജക്ട് മാനേജര്‍ എം. നാരായണന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.