
സമ്പൂർണ വയോജന സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സാമൂഹികനീതി വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സൗഹൃദ കോഴിക്കോട് ഒന്നാംഘട്ട പ്രഖ്യാപനവും വയോജന വികസന രേഖകളുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങൾക്കായി ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സമ്പൂർണ വയോജന സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് നമ്മൾ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അന്തസ്സോടെയുള്ള ജീവിതവും മെച്ചപ്പെട്ട സാമൂഹിക പരിരക്ഷയും ഉറപ്പാക്കുകയാണ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. വാതിൽപടി സേവനം, വയോമിത്രം, വാർധക്യ പെൻഷനുകൾ, വയോജന കമീഷൻ, വയോരക്ഷ, വയോമധുരം, മന്ദഹാസം, ഓർമത്തോണി തുടങ്ങിയ പദ്ധതികളിലൂടെ വയോജനങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാൻ ജില്ലക്കായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ സമ്പൂർണ വയോജന വിവരശേഖരണം നടത്തുകയും പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ തലങ്ങളിൽ വയോജന കമ്മിറ്റി സംഘടിപ്പിച്ച് വയോജന വികസനരേഖകൾ തയാറാക്കുകയും ചെയ്തിരുന്നു.
എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സെക്രട്ടറി ടി ജി അജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി സുരേന്ദ്രൻ മാസ്റ്റർ, വി പി ജമീല, കെ വി റീന, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സിഇഒ മദൻ മോഹൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി ജി ജോർജ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എൻ പി ബാബു, എസ്.എസ്.എം റീജണൽ ഡയറക്ടർ ഡോ. സൗമ്യ, ജില്ലാ സാമൂഹികനീതി ഓഫീസർ എം അഞ്ജു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളുടെ വയോജന സൗഹൃദ പദ്ധതിയുടെ രേഖ പ്രകാശനം, സർട്ടിഫിക്കറ്റ് വിതരണം, വയോജന മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന വയോസേവന പുരസ്‌കാരം നേടിയ ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ ആദരിക്കൽ എന്നിവയും ചടങ്ങിൽ നടന്നു.