
ഇടുക്കി : മതേതര കാഴ്ചപ്പാടിന്റെയും ഐക്യബോധത്തിന്റയും വിവിധ ഭാവങ്ങൾ ഒരുമിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് ഓണം. ഇത്തവണ കരുതലോടു കൂടിയുള്ള ഓണമാണ് സർക്കാർ ഒരുക്കിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഓണം വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സപ്ലൈക്കോ പോലുള്ള സ്ഥാപനങ്ങളിൽ നിത്യ സാധനങ്ങൾക്ക് വിലകുറവ്, ഓണകിറ്റ്, ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, തുടങ്ങിയവ ലഭ്യമാക്കിയാണ് ഇത്തവണത്തെ ഓണം. രാജ്യത്താനാകെ മാതൃകയാകുന്ന വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ഇടുക്കി ജില്ലക്ക് പ്രത്യേക പരിഗണന നൽകി വരുന്നുണ്ട്. ആരോഗ്യമേഖലക്കും വിദ്യാഭ്യാസമേഖലക്കും മികച്ച പിന്തുണ നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ടൂറിസം മേഖലയിലും നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ശ്രദ്ധാപൂർവ്വമുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലയിലും ഒപ്പം സംസ്ഥാനത്തും ഒട്ടാകെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ മികച്ച പങ്കാളിത്തത്തിന് ഗാന്ധിനഗർ, കരിമ്പൻ,പാറേമാവ് എന്നീ സി.ഡി.എസ്സുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടാതെ ഒരാഴ്ചകാലം നിന്ന് ആഘോഷ പരിപാടികളുടെ ഭാഗമായി ചെറുതോണിയിൽ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് ഇടുക്കി ജില്ലാ ഭരണകുടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് 'ഓണവില്ല് 2025' ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിച്ചത്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് സ്വാഗതം ആശംസിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, രാജു ജോസഫ്, നൗഷാദ് ടി. ഇ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, വിവിധ രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക സംഘടന പ്രതിനിധികളായ സണ്ണി പൈമ്പിള്ളിൽ, അനിൽ കൂവപ്ലാക്കൽ, സാജൻ കുന്നേൽ, ഷാജി കാഞ്ഞമല, സണ്ണി ഇല്ലിക്കൽ തുടങ്ങിയവര്‍ പങ്കെടുത്തു.