+

വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗം: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ തൊഴിലാളി പ്രസ്ഥാനമാണ് ചെത്ത് തൊഴിലാളികളുടേതെന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.


ആലപ്പുഴ : കേരളത്തിലെ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ തൊഴിലാളി പ്രസ്ഥാനമാണ് ചെത്ത് തൊഴിലാളികളുടേതെന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.  കേരള കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള പഠന അവാർഡുകളുടെ വിതരണത്തിൻ്റെ  സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗമാണ്. കേരളം ലോകത്തിന് മാതൃകയായത് കേരളം നേടിയ വിദ്യാഭ്യാസത്തിലൂടെയാണ്.വിദ്യാഭ്യാസ മേഖലയിൽ സമൂലമായ പരിഷ്കരണത്തിനുള്ള മാർഗങ്ങളാണ് ഇന്ന് പിണറായി സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആറാട്ടുവഴി റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള  ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കാനുള്ള ചരിത്ര സമരങ്ങളിൽ  വലിയ പങ്കുകൾ വഹിച്ചവരാണ്  ചെത്തുതൊഴിലാളികളെന്ന് മന്ത്രി പറഞ്ഞു.  ചരിത്ര പാരമ്പര്യവും പൈതൃകവും ഇത്രയേറെ ചേർന്നുനിൽക്കുന്ന സമൂഹം പരമ്പരാഗത തൊഴിൽ മേഖലയിൽ വേറെയില്ല. ഈ വ്യവസായം നിലനിർത്തേണ്ടത് അനിവാര്യമാണ്. അതിനായി നിയമപരമായ സംരക്ഷണം, സാമൂഹിക അംഗീകാരം,  ആധുനിക മാർക്കറ്റിംഗ് രീതികൾ എന്നിവ അവലംബിച്ച് ഈ വ്യവസായത്തെ നിലനിർത്താനുള്ള  ഇടപെടലുകൾ വേഗത്തിലാകണമെന്നും മന്ത്രി പറഞ്ഞു.

 പരിപാടിയിൽ  പി.പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭാ അധ്യക്ഷ  കെ.കെ ജയമ്മ,വാർഡ് കൗൺസിലർ ഡി.പി മധു, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ കെ പ്രസാദ്,
കെ.ടി.ഡബ്യൂ.ഡബ്യൂ.എഫ് ഡയറക്ടർ എം തങ്കച്ചൻ, ചെയർമാൻ എൻ.വി ചന്ദ്രബാബു,  ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ കെ.എസ് സിന്ധു, വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ സി.എസ് സതീഷ് കുമാർ മറ്റ് ക്ഷേമനിധി ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

2024ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്   സ്വർണ്ണമെഡൽ, ക്യാഷ് അവാർഡ് എന്നിവയും എട്ടാം ക്ലാസ്സ് മുതൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുളള സ്കോളർഷിപ്പുകളും പ്രൊഫഷണൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച ഒന്നാം വർഷ വിദ്യാർഥികൾക്കുളള ലാപ്ടോപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.  പ്രായാധിക്യം മൂലം സർവ്വീസിൽ നിന്നും വിരമിച്ച ക്ഷേമനിധി അംഗങ്ങളിൽ ഏറ്റവുമധികം സേവന ദൈർഘ്യമുളളവർക്കും, കൂടുതൽ കളള് അളക്കുന്ന തെങ്ങ്, പന ചെത്ത് തൊഴിലാളികൾക്കും 50000 രൂപ വീതമുള്ള പാരിതോഷിക വിതരണവും ചടങ്ങിൽ നടന്നു.

facebook twitter