ഈ സർക്കാറിന്റെ കാലത്ത് 5,64000 ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും ; മന്ത്രി സജി ചെറിയാൻ

08:18 PM May 20, 2025 |


ആലപ്പുഴ : രണ്ടാം പിണറായി വിജയൻ സർക്കാർ കാലവധി പൂർത്തിയാക്കുമ്പോൾ 5,64000 ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള എസ്എൻഡിപി യോഗം ശാഖാ നമ്പർ 610 ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് മിഷൻ വഴി 4,64000 വീടുകളുടെ നിർമ്മാണം സംസ്ഥാനത്ത് പൂർത്തിയായെന്നും നിലവിൽ ഒരു ലക്ഷം വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.പായിക്കാരൻ ആദംകുട്ടി മെമ്മോറിയൽ പബ്ലിക് മാർക്കറ്റ്, ടേക്ക് എ ബ്രേക്ക്, ശ്മശാനം, ഗവ. സിവൈഎംഎ യുപിഎസ് ആധുനിക സ്‌കൂൾ കെട്ടിടം, വനിതകളുടെ ഫിറ്റ്‌നസ് സെന്റർ, അങ്കണവാടികൾക്കുള്ള എ സി വിതരണം തുടങ്ങിയവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. രാജ്യത്ത് തന്നെ അറിയപ്പെടുന്ന  തദ്ദേശ സ്വയം ഭരണ സ്ഥാപനമാകുവാൻ  ഈ ഗ്രാമ പഞ്ചായത്തിന്റെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ സാധിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം സംസ്ഥാന സർക്കാരിന്റെ പരമ പ്രധാനമായ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

എച്ച് സലാം എംഎൽഎ അധ്യക്ഷനായി. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് അഭിമാനകരവും വൈവിധ്യവുമാർന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് എം എൽ എ പറഞ്ഞു. നാടിന്റെ പൂർണമായ സഹകരണവും പിന്തുണയും ലഭിച്ചതിനാൽ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുവാൻ പഞ്ചായത്തിനു സാധിച്ചെന്നും എം എൽ എ പറഞ്ഞു.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്,  വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനേദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു,  ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി ആന്റണി, എൻ കെ ബിജുമോൻ, സുലഭ ഷാജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീജ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ആർ സൗമ്യ റാണി മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.