കേരളത്തിൽ ഒരു സ്‌പോർട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാൻ

07:07 PM Oct 25, 2025 |


മലപ്പുറം :  കേരളത്തിൽ നിന്നുള്ള താരങ്ങളെ ഒളിമ്പിക്‌സിൽ പങ്കെടുപ്പിച്ച് സ്വർണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷൻ 2031 ന്റെ ഭാഗമായി കായിക വകുപ്പ് ആവിഷ്‌കരിച്ചുവരുന്നതെന്ന് കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ. കൂടുതൽ അന്തർദേശീയ മത്സരങ്ങളിൽ മലയാളികളായ കായികതാരങ്ങളെ  പങ്കെടുപ്പിക്കും. കേരളം വിഷൻ- 2031 ന്റെ ഭാഗമായി കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

 കേരളത്തിൽ ഒരു സ്‌പോർസ് ഇക്കോണമി വികസിപ്പിച്ചെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കായിക വകുപ്പിൽ ആസൂത്രണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചുകഴിഞ്ഞു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കും. പ്രൈമറി സ്‌കൂൾ തലത്തിൽ തന്നെ കായികതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നൽകും. രാജ്യത്ത് ആദ്യമായി ഒരു കായിക നയം രൂപീകരിച്ചത് കേരളമാണെന്നും മന്ത്രി ഓർമിപ്പിച്ചു.  

Trending :

ജില്ലാ കലക്ടർ വി.ആർ വിനോദ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, എ.ഡി.എം എൻ.എം മഹറലി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഹൃഷികേശ് കുമാർ, വൈസ് പ്രസിഡന്റ് എം. നാരായണൻ, ജില്ലാ യൂത്ത് കോ-ഓഡിനേറ്റർ ശ്യാം പ്രസാദ്, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിന്റെ കായിക വികസനത്തിന് നിരവധി നിർദേശങ്ങൾ കായികതാരങ്ങളും അസോസിയേഷൻ പ്രതിനിധികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. 
വിഷൻ 2031 ന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന കായിക സെമിനാർ നവംബർ മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.