+

വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം വിലപ്പോവില്ല: മന്ത്രി വി.ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം ചില ശക്തികൾ നടത്തുന്നുണ്ടെന്നും എന്നാൽ ഇതൊന്നും വിലപ്പോവില്ലെന്നും പൊതു വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം ചില ശക്തികൾ നടത്തുന്നുണ്ടെന്നും എന്നാൽ ഇതൊന്നും വിലപ്പോവില്ലെന്നും പൊതു വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തലശ്ശേരി മണ്ഡലത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന 'തലശ്ശേരിയിലെ താരങ്ങൾ' പരിപാടി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്‌കൂൾ സമയത്തിൽ രാവിലെയും വൈകിട്ടും 15 മിനിറ്റ് അധികം എടുത്ത് പഠിച്ചാൽ ഒന്നും സംഭവിക്കില്ല. മതത്തിന്റെ കാര്യം പറഞ്ഞ് സർക്കാരിനെ വിരട്ടാം എന്ന് ആരും കരുതണ്ട. സർക്കാർ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യും. കാസർഗോഡ് ജില്ലയിൽ മുൻ അധ്യാപകരെന്ന് പറഞ്ഞത് സ്‌കൂൾ വിദ്യാർഥികളെക്കൊണ്ട് കാല് കഴുകിച്ചു. ഇത്തരം പ്രവണത സർക്കാർ അംഗീകരിക്കില്ല. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ പ്രവണത പ്രോത്സാഹിപ്പിച്ചാൽ സ്‌കൂൾ പ്രവർത്തിക്കാൻ നൽകിയ അനുവാദം പിൻവലിക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. മുൻപ് വിദ്യാർഥികളെ ഓൾ പ്രൊമോഷൻ ആക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സബ്ജെക്ട് മിനിമം ഏർപ്പെടുത്തി. ഒരു കൂട്ടർ അത് പാടില്ലെന്ന് പറയുന്നു. പറയുന്നവരുടെ മക്കൾ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ച് പോയവരാകും. പാവപ്പെട്ടവന്റെ മക്കൾ പഠിക്കുന്ന സ്ഥാപനം നന്നാകരുതെന്നാണ് ആഗ്രഹം. എന്നാൽ സർക്കാർ ഈ വർഷം എല്ലാ ക്ലാസ്സുകളിലും നടപ്പാക്കി. കൂടാതെ കുട്ടികളിൽ നല്ല വായന പ്രോത്സാഹിപ്പിക്കാനായി പത്രം, പുസ്തകങ്ങൾ എന്നിവ വായിച്ചു ഏറ്റവും നല്ല പ്രൊജക്റ്റ് തയ്യാറാക്കുന്ന വിദ്യാർഥിക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ പാഠപുസ്തകം പരിഷ്‌കരിച്ച് 3.80 ലക്ഷം വിദ്യാർഥികളുടെ കയ്യിൽ എത്തിച്ചു. ഇടതു സർക്കാർ അധികാരത്തിലെ ശേഷം 5000 കോടി രൂപയാണ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് ചെലവാക്കിയത്. 45,000 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി. കേരളത്തിലെ സ്‌കൂളുകളിൽ 1,92,000 അധ്യാപകർക്ക് എഐ പ്രാരംഭക് ക്ലാസ് നൽകി. അടുത്തവർഷം ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ 47 ലക്ഷം വിദ്യാർഥികൾക്ക് എ ഐ പ്രാരംഭ ക്ലാസുകൾ നൽകും. വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം മാത്രമല്ല പഠിച്ചിറങ്ങുമ്പോൾ തൊഴിൽ ലഭ്യമാക്കുക എന്നതും സർക്കാർ ലക്ഷ്യമിടുന്നു. സർക്കാർ-സ്വകാര്യ മേഖലകളിലായി അഞ്ച് ലക്ഷം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ കോളേജ് സമയത്തിൽ കാലാനുസൃതമായ മാറ്റം വന്നില്ലെങ്കിൽ വിദ്യാഭ്യാസ മേഖല പിന്നോട്ട് പോകുമെന്ന് അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പറഞ്ഞു. സമയം മാറ്റാനുള്ള തീരുമാനത്തിൽ സർക്കാർ ശക്തമായ തീരുമാനമെടുത്ത് മുന്നോട്ട് പോകണമെന്നും പൊതുസമൂഹം ഒപ്പമുണ്ടെന്നും സ്പീക്കർ  പറഞ്ഞു.

തലശ്ശേരി മണ്ഡലത്തിലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും അനുമോദിച്ചു. കാഴ്ച്ച പരിമിതയും എട്ടാം ക്ലാസ് ഉപപാഠ പുസ്തകത്തിൽ പഠന വിഷയമായ മലയാളിയുടെ ഹെലൻ കെല്ലർ എന്നറിയപ്പെടുന്ന തലശ്ശേരി സ്വദേശിയുമായ സിഷ്ന ആനന്ദ് വരച്ച മന്ത്രി വി. ശിവൻകുട്ടിയുടെ ചിത്രം വേദിയിൽ കൈമാറി. ഫിഷറീസ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൽ നാസർ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി മേധാവി ഡോ. ടോം ജോസഫ് എന്നിവർ മുഖ്യാതിഥികളായി. തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചർ, തലശ്ശേരി സഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷബാന ഷാനവാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. മണിലാൽ, പി.പി. സനിൽ, എം.പി ശ്രീഷ, സി.കെ. രമ്യ, ആർ ഡി ഡി. ബിയാട്രിസ് മറിയ, കണ്ണൂർ ഡി.ഡി.ഇ ഡി. ഷൈനി എന്നിവർ സംസാരിച്ചു.

facebook twitter