+

കായികമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

കായികമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്നും അതിനായുള്ള ഒരുക്കങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പന്ത്രണ്ട് സ്റ്റേഡിയങ്ങളിലായി നാൽപ്പത്തിയൊന്ന് ഇന മത്സരങ്ങൾ കായികമേളയിൽ അരങ്ങേറും.

കായികമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്നും അതിനായുള്ള ഒരുക്കങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പന്ത്രണ്ട് സ്റ്റേഡിയങ്ങളിലായി നാൽപ്പത്തിയൊന്ന് ഇന മത്സരങ്ങൾ കായികമേളയിൽ അരങ്ങേറും. പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് വേദികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും. കായികമേളയ്ക്ക് പങ്കെടുക്കാനെത്തുന്നവർക്കുള്ള താമസസൗകര്യം എഴുപത്തിയാറ് സ്‌കൂളുകളിലായി ഒരുക്കിയിട്ടുണ്ട്. വൈദ്യുതി, വെള്ളം, ടോയ്‌ലറ്റ്, ബെഡ്, നൈറ്റ് വാച്ച്മാൻ, പ്രാദേശികതല കമ്മിറ്റി, പോലീസ് സംരക്ഷണത്തിനുളള ഏർപ്പാടുകൾ എന്നിവ മുൻനിർത്തി പ്രധാനാദ്ധ്യാപകരുടെ യോഗം ചേർന്നതായി മന്ത്രി അറിയിച്ചു.

കായികമേള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ സംസ്ഥാനതല പര്യടനം നാളെ  (ഒക്ടോബർ 19) തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ചേർന്ന് സ്വീകരിക്കും. ഒക്ടോബൽ 16 ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് ആരംഭിച്ച ട്രോഫി പര്യടനം എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കിയാണ് തലസ്ഥാനത്ത് എത്തിച്ചേരുന്നത്.

20, 21 തീയതികളിൽ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഘോഷയാത്ര തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 20 ന് രാവിലെ 9 ന്  - ഗവ. ഹയർ സെക്കന്ററി സ്‌കൂൾ വെഞ്ഞാറമൂട്, 10 ന് - ഗവ. ഗേൾസ് എച്ച്.എസ്. നെടുമങ്ങാട്, 11 ന് - ഗവ. എച്ച്.എസ്. ആര്യനാട്. 11.30 ന് - ഗവ. എച്ച്.എസ്. പരുത്തിപ്പളളി,  കാട്ടാക്കട, ഉച്ചക്ക് 12.00 ന് - ഗവ. ഹയർ സെക്കന്ററി മാരായമുട്ടം, 12.30 ന് - ഗവ. ബോയ്‌സ് എച്ച്.എസ്. നെയ്യാറ്റിൻകര, 2 ന് - ഗവ. ഹയർ സെക്കന്ററി സ്‌കൂൾ ബാലരാമപുരം, 3 ന് - ഗവ. എച്ച്. എസ്. നേമം, 21 ന് രാവിലെ 9 ന് - ഗവ. എച്ച്.എസ്. ശ്രീകാര്യം, 10 ന് - ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പട്ടം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്രയായി ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെത്തുമെന്ന് മന്ത്രി പറഞ്ഞു.

കായികമേളയുടെ ദീപശിഖാ പ്രയാണം നാളെ (ഒക്ടോബർ 19) എറണാകുളത്ത് നിന്ന് ആരംഭിക്കും. ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണം ഏറ്റുവാങ്ങി 20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 21 ന് നഗരത്തിലെ വിവിധ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗവ. ഗേൾസ് സ്‌കൂളിൽ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഘോഷയാത്രയുമയി ചേർന്ന് ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരും.

മികച്ച സ്‌കൂളിനുളള ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി നൽകുന്നതിന് ജനറൽ സ്‌കൂളും, സ്‌പോർട്‌സ് സ്‌കൂളും രണ്ടു കാറ്റഗറിയായി പരിഗണിച്ച് ഓരോ കാറ്റഗറിയിൽ നിന്നും മികച്ച സ്‌കൂൾ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ല നിർണ്ണയിക്കുന്നതിന് ജനറൽ സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ രണ്ടു കാറ്റഗറിയിലെ സ്‌കൂളുകളും നേടുന്ന ആകെ പോയിന്റുകൾ ഒരുമിച്ചു കണക്കാക്കും. നിലവിൽ അത്‌ലാറ്റിക്‌സിൽ മികച്ച ജനറൽ സ്‌കൂളിന് നൽകിവരുന്ന പ്രൈസ് മണി ഒന്നാം സ്ഥാനത്തിന് രണ്ടു ലക്ഷത്തി ഇരുപതിനായിരം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷത്തി അറുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷത്തി പതിനായിരം എന്നത് രണ്ടു ലക്ഷത്തി അൻപതിനായിരം, ഒരു ലക്ഷത്തി എഴുപത്തയ്യായിരം, ഒരു ലക്ഷത്തി ഇരുപത്തയ്യായിരം എന്ന നിരക്കിൽ വർദ്ധിപ്പിച്ചു. അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്‌പോർട്‌സ് സ്‌കൂളുകളിൽ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് ഒരു ലക്ഷം, രണ്ടാം സ്ഥാനത്തിന് എഴുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് അൻപതിനായിരം എന്ന നിരക്കിൽ പ്രൈസ് മണി നൽകുമെന്ന് മന്ത്രി അറിയിച്ചു.

ഒക്ടോബർ 20 ന് രാത്രി ഏറനാട് എക്‌സ്പ്രസിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന കാസർഗോഡ് ജില്ലയിലെ കായിക താരങ്ങളെ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കും. മേളയിൽ ഇൻക്ലൂസീവ് സ്‌പോർട്‌സിന്റെ ഭാഗമായി 1,944 കായിക താരങ്ങൾ പങ്കെടുക്കും. ഗൾഫിൽ കേരളാ സിലബസ് പഠിപ്പിക്കുന്ന ഏഴു സ്‌കൂളുകളിൽ നിന്നുളള മുപ്പത്തിയഞ്ച് കുട്ടികൾ ഇത്തവണ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ കഴിഞ്ഞ തവണ ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ പന്ത്രണ്ട് പെൺകുട്ടികൾ കൂടി ഇത്തവണ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

2024 കായികമേളയിലെ മികച്ച മാധ്യമ പുരസ്‌ക്കാരങ്ങൾ മന്ത്രി പ്രഖ്യാപിച്ചു. മികച്ച പത്രറിപ്പോർട്ടർ - കിരൺ പുരുഷോത്തമൻ (സുപ്രഭാതം), മികച്ച വാർത്താ ചിത്രം - അരുൺ ശ്രീധർ (മലയാള മനോരമ), മികച്ച ടെലിവിഷൻ റിപ്പോർട്ടർ - റിയാ ബേബി (മാതൃഭൂമി ന്യൂസ്), മികച്ച ഛായഗ്രാഹകൻ സച്ചിൻ സജി (മീഡിയ വൺ) എന്നിവർക്കാണ് പുരസ്‌ക്കാരം. സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം ദീപിക (അച്ചടി മാധ്യമം), 24 ന്യൂസ് (ദൃശ്യമാധ്യമം), റെഡ് എഫ്.എം (ശ്രവ്യ മാധ്യമം) എന്നീ മാധ്യമസ്ഥാപനങ്ങൾ കരസ്ഥമാക്കി. പുരസ്‌കാരങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ വിതരണം ചെയ്യും.

facebook twitter