ദേഹാസ്വാസ്ഥ്യം ; മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ

10:34 AM Jul 04, 2025 | Kavya Ramachandran

 തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.

അതേസമയം, മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചു. ആരോഗ്യ സെക്രട്ടറി, ഡി.എം.ഇ, ഡി.എച്ച്.എസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഉന്നതതല യോഗം രാവിലെ 10 മണിക്കാണ്. നിപ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും.

അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടർ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശൗചാലയത്തിൽ ആളുകൾ കയറിയതിനെ കുറിച്ച് അന്വേഷിക്കും. അപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പിൽ നടക്കും. അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.