+

രോഗത്തിനൊപ്പം വ്യക്തിയുടെ മാനസിക,സാമ്പത്തിക ആഘാതങ്ങളെ നേരിടാനും പദ്ധതിവേണം : മന്ത്രി വീണാ ജോർജ്

ശരീരത്തിനുണ്ടാകുന്ന രോഗം ഒരുവ്യക്തിയിൽ ഉണ്ടാക്കുന്ന മാനസിക, സാമ്പത്തിക ആഘാതങ്ങളെ നേരിടുവാനുള്ള സമഗ്ര പദ്ധതികൾ ആരോഗ്യമേഖലയിൽ ഉണ്ടാകണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

തിരുവല്ല : ശരീരത്തിനുണ്ടാകുന്ന രോഗം ഒരുവ്യക്തിയിൽ ഉണ്ടാക്കുന്ന മാനസിക, സാമ്പത്തിക ആഘാതങ്ങളെ നേരിടുവാനുള്ള സമഗ്ര പദ്ധതികൾ ആരോഗ്യമേഖലയിൽ ഉണ്ടാകണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗികളുടെ സൗഖ്യത്തിനും ആരോഗ്യത്തിനും വേണ്ടി സർക്കാർ പദ്ധതികളോടൊപ്പം ചേർന്ന് സായിപ്പിന്റെ ആശുപത്രിയും അനുകരണീയമായി പ്രവർത്തിക്കുന്നതിൽ സന്തോഷിക്കുന്നു.

രോഗത്തിന്റെ മുൻപിൽ ഒരുവ്യക്തിയും തോറ്റുപോകാതെ അനേകം തലമുറകളെ ചേർത്തുപിടിക്കാൻ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു. നവതിയോടനുബന്ധിച്ച് ടി.എം.എം ആരംഭിച്ച മെന്റൽ ഹെൽത്ത് ആൻഡ് ഡി അഡിക്‌ഷൻ സെന്റർ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്തു. ടി.എം.എം ഗ്രൂപ്പ് ചെയർമാൻ  ജോർജ്ജ് കോശി മൈലപ്ര അധ്യക്ഷത വഹിച്ചു.സാമൂഹിക സേവനവിഭാഗമായ "കൂടെ" യുടെ പുതിയ പ്രൊജക്ടുകൾ മാത്യു ടി. തോമസ് എം.എൽ.എയും ടി എം എം അക്കാദമിയുടെ ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയും ഉദ്ഘാടനം നിർവഹിച്ചു.

ടി.എം.എം ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കോശി മൈലപ്ര അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സി.ജോൺ, യു.ഡി.ഫ് ജില്ലാകൺവീനർ അഡ്വ.വർഗീസ് മാമ്മൻ, ടി.എം.എം മുൻജീവനക്കാരുടെ പ്രതിനിധി ബിജുജോൺ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു, ടി.എം.എം സ്ഥാപനങ്ങളുടെ സെക്രട്ടറി ബെന്നി ഫിലിപ്പ്, അഡ്മിനിസ്ട്രേറ്റർ ജോർജ്ജ് മാത്യു, മെഡിക്കൽ ഡയറക്ടർ കേണൽ ഡോ.ഡെന്നിസ് അബ്രാഹം, ടി.എം.എം മുൻചെയർമാൻ വി.എം.അബ്രാഹം എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീതസന്ധ്യയും ടി.എം.എം നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ടി.എം.എം നവതി ചെക്കപ്പ് കൂപ്പണുകൾ പങ്കെടുത്തവർക്ക് വിതരണം ചെയ്തു. കൂപ്പൺ സേവനങ്ങൾ ഫോൺ: 0469 2626000. 
 
 

Trending :
facebook twitter