
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചിച്ചു. വിനയം കൊണ്ടും പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരോടുമുള്ള സഹാനുഭൂതി കൊണ്ടും സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ജനഹൃദയങ്ങളിൽ സവിശേഷമായ ഇടം നേടിയ ഫ്രാൻസിസ് മാർപാപ്പ നമ്മോട് വിട വാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് ലോകത്തിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.
ലാളിത്യത്തിന്റേയും എളിമയുടേയും മഹനീയ മാതൃക കൂടിയാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് കൂടിയായിരുന്നു. ഭീകരതയും അഭയാർഥി പ്രശ്‌നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.