പത്തനംതിട്ട : പുതിയ അധ്യയന വര്‍ഷത്തിന് മുമ്പ് സ്‌കൂളുകളില്‍ ജനകീയ കാമ്പയിനിലൂടെ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂള്‍ പരിസരത്തുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ- തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്ക യോഗത്തില്‍ അധ്യക്ഷയായിരുന്നു മന്ത്രി.
ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം ജില്ലാ- താലൂക്ക് തലത്തില്‍ നടപ്പാക്കണം. ഇവര്‍ക്ക് ആവശ്യായ പരിശീലനം കൃത്യമായി നല്‍കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പുതുക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടി എല്ലാ വകുപ്പും സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി മഴക്കാലപൂര്‍വ ശുചീകരണം ആരംഭിക്കണം. ഓട, കൈത്തോട്, കല്‍വര്‍ട്ട്, ചെറിയ കനാല്‍ തുടങ്ങിയവയിലെ തടസം നീക്കണം. മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
മഴക്കാലത്ത് വ്യാപകമായ സാംക്രമിക രോഗം തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പാമ്പ് കടിക്കുള്ള പ്രതിരോധ മരുന്നുള്ള ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണം. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചിമുറി, വൈദ്യുതി, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. ക്യാമ്പുകളെ സംബന്ധിച്ച വിവരം പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം. തദ്ദേശ സ്ഥാപനം തയ്യാറാക്കിയിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സംബന്ധിച്ച പട്ടികയും ടീം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരവും ക്രോഡീകരിക്കണം. മെയ് 24 ന് മുമ്പ് ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പുഴകളിലും മറ്റും ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. മുന്നറിയിപ്പ് ബോര്‍ഡുകള്‍ അടക്കമുള്ള സുരക്ഷ സംവിധാനം ഉറപ്പാക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയ്യാറക്കണം. ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കണം. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് കൃത്യമായി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.