സർക്കാർ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം: മന്ത്രി വീണാ ജോർജ്

08:38 PM Sep 01, 2025 | AVANI MV

ആരോഗ്യ വകുപ്പ് രോഗശയ്യയിലാണെന്ന് ചിത്രീകരിച്ച് സർക്കാർ ആശുപത്രികൾക്ക് പകരം മറ്റ് ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നത് നിർഭാഗ്യകരമായ കാര്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ ആശുപത്രികൾ നിലനിൽക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണ്. അത് ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പക്ഷെ എത്രയൊക്കെ ശ്രമിച്ചാലും കൂടുതൽ ശക്തിയോടെ പ്രവർത്തിച്ച് സാധാരണക്കാരനെ ചേർത്ത് പിടിച്ചുതന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ വലിയ മുന്നേറ്റമാണ് നടത്തിയത്. ചികിത്സാ രംഗത്തും വലിയ മാറ്റമുണ്ടായി. ഒട്ടനവധി പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ നടന്നു വരുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അധികം സീറ്റുകൾ ഉണ്ടായ കാലമാണ്. ഈ സർക്കാരിന്റെ കാലത്ത് പുതിയ 2 മെഡിക്കൽ കോളേജുകളും 15 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. 80ൽ അധികം പിജി സീറ്റുകൾ നേടിയെടുത്തു. ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കാൻ കഴിഞ്ഞു.

ക്രിട്ടിക്കൽ കെയർ, ജനറ്റിക്സ്, ജീറിയാട്രിക്സ്, പീഡിയാട്രിക് ഇന്റർവെൻഷൻ ന്യൂറോളജി തുടങ്ങിയ നിരവധി പുതിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിച്ചു. എസ്.എ.ടി. അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി രാജ്യത്തെ 10 കേന്ദ്രങ്ങളിൽ ഒന്നായി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ കെയർ പദ്ധതി ദേശീയ ശ്രദ്ധ നേടി. ആദ്യമായി സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെട്ടു. സൗജന്യ ചികിത്സയിലും വലിയ വർധനവ് ഉണ്ടായതായും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ. എം. എബ്രഹാം എന്നിവർ മുഖ്യാതിഥികളായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, കൗൺസിലർ ഡി. ആർ. അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. കെ. ജബ്ബാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുനിൽകുമാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.