ആലപ്പുഴ: ചെന്നിത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി. രണ്ടാനച്ഛന്റെ പീഡനത്തെക്കുറിച്ച് അമ്മയോട് പരാതി പറഞ്ഞിട്ടും മൗനംപാലിച്ചതിനെ തുടർന്നാണ് പെൺകുട്ടി മാന്നാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസെടുത്ത പോലീസ് അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റുചെയ്തു. ചെന്നിത്തലയിൽ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിയൊൻപതുകാരിയായ സ്ത്രീയും രണ്ടാം ഭർത്താവായ നാൽപത്തിയഞ്ചുകാരനുമാണ് അറസ്റ്റിലായത്.
2024 സെപ്റ്റംബറിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ സിനിമ കാണുന്നതിനിടെയാണ് രണ്ടാനച്ഛൻ പീഡിപ്പിച്ചത്. ഈ വിവരം അമ്മയോടുപറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. പിന്നീടും കുട്ടിയെ മാനസികമായി തളർത്തുന്ന തരത്തിലുള്ള പെരുമാറ്റം ഇയാളിൽ നിന്നുണ്ടായപ്പോഴും അമ്മ മൗനംപാലിച്ചു.
തുടർന്ന് കഴിഞ്ഞദിവസം കുട്ടി നേരിട്ട് മാന്നാർ പോലീസ് സ്റ്റേഷനിലെത്തി. മുൻപുനടന്ന പീഡന വിവരം ഉൾപ്പെടെ വ്യക്തമാക്കി പരാതി നൽകുകയും ചെയ്തു. തുടർന്ന് മാന്നാർ ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ കോടതി ഇവരെ റിമാൻഡുചെയ്തു.