കൊച്ചി: തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സ്വദേശിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലുള്ള അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍തട്ടിപ്പ് കാണാതായതായി പരാതിയില്‍ പറയുന്ന ഗ്വാളിയര്‍ സ്വദേശിനിയായ 43-കാരിയെ പോലീസ് സംഘം മരടില്‍നിന്ന് കണ്ടെത്തി. യുവതിയും മുന്‍ ഭര്‍ത്താവ് ലെനിന്‍ എന്നയാളും ചേര്‍ന്നുള്ള തട്ടിപ്പാണ് സംഭവങ്ങളുടെ പിന്നിലെന്ന് സംശയിക്കുന്നു.
മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ എന്നയാള്‍ തന്റെ ഭാര്യയെ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ചെന്നൈ സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ വിവാഹ സൈറ്റിലൂടെ പരിചയപ്പെട്ടാണ് യുവതിയെ 2022 ജൂണില്‍ വിവാഹം ചെയ്തത്. ചെന്നൈയിലായിരുന്നു താമസം. യുവതി ഇടയ്ക്കിടെ സുഹൃത്തുക്കളെ കാണാനായി കേരളത്തില്‍ വരുമായിരുന്നു. ജനുവരി ഒന്നിന് കേരളത്തിലേക്കു വന്ന യുവതിയെ പിന്നീട് കാണാതായെന്നാണ് പറയുന്നത്.
ജൂണ്‍ നാലിന് പരാതിക്കാരനെ ഒരാള്‍ വിളിച്ച് യുവതി മരിച്ചതായി അറിയിക്കുകയും യുവതിയുടെ പേരിലുള്ള രണ്ടര കോടിയുടെ സ്വത്ത് വില്‍ക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. ഇതില്‍ സംശയം തോന്നിയാണ് ഹര്‍ജിക്കാരന്‍ ആദ്യം പോലീസിലും പിന്നീട് ഹൈക്കോടതിയിലും പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും തട്ടിപ്പ് ബോധ്യമാകുകയും ചെയ്തു.
യുവതിയുടെ മുന്‍ ഭര്‍ത്താവായ ലെനിന്‍ എന്നയാളാണ് ജോസഫ് സ്റ്റീവന്‍ എന്ന പേരിലുള്ളതെന്ന് സൂചന ലഭിച്ചു. രണ്ടര കോടിയിലേറെ രൂപ ഹര്‍ജിക്കാരനില്‍നിന്ന് യുവതി ഇതിനകം കൈക്കലാക്കിയെന്നും പറയുന്നു. പോലീസ് കണ്ടെത്തിയ യുവതിയെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി. തിങ്കളാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. ലെനിന്‍ പോലീസ് നിരീക്ഷണത്തിലാണ്.