
തൊടുപുഴ: കൊച്ചി ഇടപ്പള്ളിയിൽ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്തിയെന്ന് വിളിച്ച് പറഞ്ഞയാൾ പൊലീസ് കസ്റ്റഡിയിൽ. കൈനോട്ടക്കാരനായ ശശികുമാറാണ് പിടിയിലായത്. കുട്ടിയെ ഉപദ്രവിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. തൊടുപുഴ ബസ് ബസ്റ്റാൻഡിന് സമീപത്തുനിന്നാണ് വിദ്യാർഥിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച സേ പരീക്ഷക്കായി വീട്ടിൽ നിന്നിറങ്ങിയ എട്ടാം ക്ലാസുകാരൻ രാത്രിയോടെയാണ് തൊടുപുഴയിൽ എത്തുന്നത്. തൊടുപുഴയിൽ കുട്ടിയെ ഒപ്പം കൂട്ടിയ ശശികുമാർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിക്കുകയും മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതി തന്നെയാണ് കുട്ടി തൊടുപുഴയിൽ ഉണ്ടെന്ന് മാതാപിതാക്കളെ വിളിച്ചുപറയുന്നത്. തുടർന്നാണ് പൊലീസും കുട്ടിയുടെ പിതാവും ബസ് സ്റ്റാൻഡിലെത്തുന്നത്. പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും.
ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടി രാവിലെ പരീക്ഷ എഴുതാനാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പരീക്ഷ പാതിവഴിയിൽ നിർത്തി കുട്ടി ഇറങ്ങിപ്പോയി. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒൻപത് മണിക്ക് ലുലുമാൾ പരിസരത്ത് കുട്ടിയുണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മൂവാറ്റുപുഴ ബസിൽ കുട്ടി കയറിയെന്ന വിവരത്തെ തുടർന്ന് ആ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.