വാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികളില്‍ 14 പേര്‍ ആര്‍എസ്എസ് അനുഭാവികളെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍

05:14 PM Dec 21, 2025 |


പാലക്കാട് അതിഥി തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ പതിനാല് പേര്‍ ആര്‍എസ്എസ് അനുഭാവികളെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. ഒരാള്‍ സിപിഐഎം അനുഭാവിയാണെന്നും എ തങ്കപ്പന്‍ പറഞ്ഞു. വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും തങ്കപ്പന്‍ പറഞ്ഞു. അതിഥി തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖം നോക്കാതെ നടപടി സ്വീകരിക്കണം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കരുത്. രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും തങ്കപ്പന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ നഷ്ടപരിഹാരം ലഭിക്കാതെ രാംനാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരം കേസെടുക്കണം. ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ള വകുപ്പുകളും ചുമത്തണം. നഷ്ടപരിഹാരം ലഭ്യമാക്കുന്നതുവരെ കേരളത്തില്‍ തുടരാനാണ് തീരുമാനം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് നാരായണന്റേത്. രാംനാരായണനെ കൊലപ്പെടുത്തിയവരെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാംനാരായണന്റെ ബന്ധു ശശികാന്ത് വ്യക്തമാക്കി.