രാമക്ഷേത്രം പ്രതിഷ്ഠിച്ചതിലൂടെ ഇന്ത്യക്ക് ‘യഥാർത്ഥ സ്വാതന്ത്ര്യം’ ലഭിച്ചുവെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന ഭരണഘടനയെ തുരങ്കം വെക്കുന്നു : രാഹുൽ ഗാന്ധി

11:05 AM Jan 19, 2025 | Neha Nair

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിലൂടെ ഇന്ത്യക്ക് ‘യഥാർത്ഥ സ്വാതന്ത്ര്യം’ ലഭിച്ചുവെന്ന പ്രസ്താവനയിലൂടെ ഭരണഘടനയെ തുരങ്കം വെക്കുന്നുവെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെതിരെ ആഞ്ഞടിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ജാതി സെൻസസ് നടത്തുമെന്നും 50 ശതമാനം സംവരണ പരിധി ലംഘിക്കുമെന്നും പിന്നാക്കക്കാർക്കും ദലിതർക്കും പട്ടികവർഗക്കാർക്കും ജീവിതത്തിന്റെ എല്ലാ തുറകളിലും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ വാഗ്ദാനവും രാഹുൽ ആവർത്തിച്ചു.

മോഹൻ ഭഗവത് പറയുന്നത് ഗംഗ ‘ഗംഗോത്രി’യിൽ നിന്നല്ല ഉത്ഭവിക്കുന്നതെന്നാണ്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായില്ല എന്നും പിന്നീട് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ പറയുന്നതിലൂടെ ഭരണഘടനയെ നിഷേധിക്കുകയാണ് അദ്ദേഹം- രാഹുൽ പറഞ്ഞു.

ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന ചിന്തകൾ ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നു. ഭരണഘടന സ്വാതന്ത്ര്യത്തിന്റെ ഫലമായി ഉണ്ടായതല്ലെന്നും പറയുന്നു. ഇന്ത്യയിൽ നിന്നും അതിന്റെ ജനങ്ങളിൽ നിന്നും അതിന്റെ സ്ഥാപനങ്ങളിൽനിന്നും അദ്ദേഹം ഭരണഘടനയെക്കുറിച്ചുള്ള ചിന്തകളെ നശിപ്പിക്കുകയാണ്- ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു എൻ.ജി.ഒ സംഘടിപ്പിച്ച സംവിധാൻ സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ഇത് കേവലം ഒരു പുസ്തകമല്ലെന്നും രാജ്യത്തിന്റെ ആയിരക്കണക്കിന് വർഷത്തെ ചിന്തകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഭരണഘടനയുടെ പകർപ്പ് ഉയർത്തി​പ്പിടിച്ചുകൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. നാരായണഗുരു, ബസവണ്ണ, മഹാത്മാ ഫൂലെ, മഹാത്മാഗാന്ധി, ബി.ആർ. അംബേദ്കർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബുദ്ധന്റെയും ഉന്നത നേതാക്കളുടെയും ശബ്ദങ്ങൾ അതിലുണ്ടായിരുന്നു.

കോടിക്കണക്കിന് ദലിതരോടും പിന്നാക്കക്കാരോടും ആദിവാസികളോടും കാണിക്കുന്ന അനീതിയുടെ വേദനയും ഭരണഘടനയിലുണ്ട്. വേദന മുഴുവനായും നീക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അത് അൽപ്പം കുറച്ചിട്ടുണ്ട്. ഇത് ഗംഗയെ പോലെയാണ്. അത് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു - രാഹുൽ പറഞ്ഞു.