കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം.
ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്. ആദിത്യനെ കടഞ്ഞെടുത്തപ്പോള്‍ കിട്ടിയ ചൂര്‍ണ്ണം ഉപയോഗിച്ച് ഋഷിമാര്‍ മൂന്നു ശിവലിംഗങ്ങള്‍ ഉണ്ടാക്കി. ഇത് ബ്രഹ്മാവ് അവരില്‍ നിന്നു കൈക്കലാക്കുകയും പിന്നീട് പാര്‍വ്വതിയുടെ കൈയ്യിലെത്തിയ ഇവയെ പാര്‍വ്വതി പൂജിച്ചു വരികയും ചെയ്തിരുന്നു.
ഒരിക്കല്‍ മാന്ധത മഹര്‍ഷിയുടെ തപസ്സില്‍ സംപ്രീതനായ ശിവന് ഈ മൂന്നു വിഗ്രഹങ്ങളിലൊന്ന് അദ്ദേഹത്തിന് നല്കി. ശ്മശാനങ്ങള്‍ ഇല്ലാത്ത പരിശുദ്ധമായ സ്ഥലത്ത് ഇത് സ്ഥാപിക്കണം എന്നായിരുന്നു ശിവന് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരുന്നത്. അങ്ങനെ തളിപ്പറമ്പില്‍ എത്തിയ മഹര്‍ഷി അത് ഇവിടെ സ്ഥാപിക്കുകയും പിന്നീടത് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.
മാന്ധാവ് മഹര്‍ഷിയുടെ മകനായ മുചുകുന്ദനുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ശിവലിംഗത്തിന്റെ കഥ. ശിവനില്‍ നിന്നും ശിവലിംഗം നേടിയ അദ്ദേഹം തളിപ്പറമ്പില്‍ തന്നെ ഇത് പ്രതിഷ്ഠിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു പോന്നു. പിന്നീട് ഇതും ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയായിരുന്നു. കോലത്തു നാട്ടിലെ രാജാവായിരുന്ന ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിക്കുന്നത്.
അദ്ദേഹം ഇതേ സ്ഥലത്ത് അഗസ്ത്യഹർഷിയെക്കൊണ്ട് പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന ശിവലിംഗം. ഈ ബിബംവും ഭൂമിയിൽ താഴ്ന്നു തുടങ്ങിയപ്പോൾ ‘അശ്വമേധ’ മന്ത്രം ചൊല്ലി നമസ്കാരം ചെയ്തു. പന്ത്രണ്ടര നമസ്കാരം ചെയ്തപ്പോഴേക്കും ഇന്നു കാണുന്ന നിലയിൽ ബിംബം ഉറച്ചു നിന്നു എന്നതിനാൽ അശ്വമേധ നമസ്കാരം ഇവിടെ വളരെ പ്രധാനമാണ്.
അന്ന് കത്തിച്ച നെയ് വിളക്ക് ഇന്നും കെടാതെ ഇവിടത്തെ ശ്രീകോവിലിൽ തെളിയുന്നു. ഒരു ബുധനാഴ്ച ദിവസമാണത്രേ പ്രതിഷ്ഠ നടന്നത്. ഇക്കാരണത്താൽ ബുധനാഴ്ച ക്ഷേത്രദർശനത്തിനു വളരെ പ്രാധാന്യം കൽപിക്കുന്നു. ഇവിടത്തെ രാജാക്കൻമാർ രാജർഷികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവർ പ്രതിഷ്ഠിച്ചതുകൊണ്ടാണ് മഹാക്ഷേത്രത്തിന്റെ പേര് രാജരാജേശ്വര ക്ഷേത്രം എന്ന് പരിണമിച്ചത്.
ക്ഷേത്രദർശനത്തിനെത്തുന്നവർ ആദ്യമായി ആശ്രമത്ത് ചിറയെന്നറിയപ്പെടുന്ന ക്ഷേത്രത്തിൽ നിന്നു 400 മീറ്റർ തെക്കു ഭാഗത്തുള്ള ചിറയിൽ സ്നാനം ചെയ്തു വേണം ഭഗവദ് ദർശനത്തിനു വരാൻ. നാല് ഏക്കറോളം വിസ്തൃതിയുള്ള ഈ ചിറയുടെ കിഴക്കേക്കരയിലായിരുന്നത്രെ അഗസ്ത്യ മഹർഷിയുടെ ആശ്രമം. വളരെക്കാലം മഹാദേവന്റെ ഉച്ചപൂജ അഗസ്ത്യ മഹർഷിയായിരുന്നുവത്രേ നിർവഹിച്ചിരുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പു വരെയും ഇവിടെ ഉച്ചപ്പൂജയ്ക്ക് ചില നിഗൂഢമന്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ഇവിടത്തെ നമസ്ക്കാര മണ്ഡപത്തിനും പ്രത്യേകതകളുണ്ട്. രാവണവധത്തിനു ശേഷം അയോധ്യയിലേക്കു മടങ്ങവേ ശ്രീരാമ ഭഗവാൻ നമസ്ക്കാരമണ്ഡപത്തിൽ കയറി വന്ദിച്ചിരുന്നു. അതിനാൽ പിന്നീട് ആരും തന്നെ രാജരാജേശ്വര ക്ഷേത്ര മണ്ഡപത്തിൽ കയറി നമസ്ക്കരിക്കാറില്ല. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മിതി വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെവലിപ്പമേറിയ നമസ്കാര മണ്ഡപവും പുരാതന ക്ഷേത്ര വാസ്തു നിർമ്മിതിയുടെ മഹാത്മ്യം വിളിച്ചൊതുന്നു.
ശ്രീപാർവതിയോടൊപ്പം ലക്ഷ്മീസാന്നിധ്യവുമുണ്ട് ഇവിടെ. അതേസമയം ശ്രീപാർവതിയുടെ നട ഒരിക്കലും തുറക്കാറില്ല. സൂര്യോദയത്തിന് മുമ്പും അസ്തമനത്തിന് ശേഷവും വാതിലിൽ കാണുന്ന ചെറിയ ദ്വാരത്തിൽ കൂടി നോക്കിയാൽ അകത്തെ ശ്രീപാർവതിയുടെ വലിയ ദാരുവിഗ്രഹവും പുഷ്പാഞ്ജലി ചെയ്യുന്ന കണ്ണാടി വിഗ്രഹവും കാണാം.
ക്ഷേത്രത്തിനകത്ത് ഗംഗാനദിയുടെ സാന്നിദ്ധ്യമുണ്ട്. ആദ്യ കാലത്ത് കിണർ നിർമ്മിച്ചിട്ടും പൂജയ്ക്കുള്ള ജലം ലഭിക്കാത്തതിനാൽ ഒടുവിൽ പരശുരാമൻ ഗംഗ നദിയെ ആവാഹിച്ചുവരുത്തിയെന്നാണ് ഐതിഹ്യം. ഇവിടത്തെ ജലമാണ് ക്ഷേത്രാവശ്യത്തിനായി ഉപയോഗിക്കുന്നത്. കാണാൻ ശൈവസ്വരൂപമെങ്കിലും ശിവന്റേതായ പ്രത്യേകതകളൊന്നും നിത്യച്ചടങ്ങുകൾക്കില്ല. ശിവരാത്രി, പ്രദോഷം എന്നീ ദിനങ്ങൾക്ക് ഇവിടെ പ്രത്യേകതകളില്ല. ശംഖധ്വനി പതിവില്ല. തുളസിക്കതിർ മാത്രമേ അർച്ചനയ്ക്ക് ഉപയോഗിക്കൂ. കൂവളപ്പൂവ് ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്.
സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ മാത്രം പ്രവേശനമുള്ള അപൂര്‍വ്വ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. തിരുവത്താഴ പൂജയ്ക്കു ശേഷം മാത്രമാണ് ഇവിടെ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നത്. അതായത് രാത്രി എട്ടുമണിക്കു ശേഷം മാത്രമേ സത്രീകള്‍ക്ക് ഇവിടെ പ്രവേശിക്കുവാന്‍ സാധിക്കൂ. ഈ സമയത്ത് പാർവതി സമേതനായ ശിവൻ എന്ന് സങ്കൽപം. എന്നാല്‍ ശിവരാത്രി ദിവസം സ്ത്രീകള്‍ക്ക് ഇവിടെ എപ്പോള്‍ വേണമെങ്കിലും തൊഴാന്‍ അനുവാദമുണ്ട്.
നെയ്യമൃത്, നെയ്യ് വിളക്ക്, പൊന്നിൻ കുടം, വെള്ളിക്കുടം, സ്വർണപ്പട്ടം, സ്വർണതാലി, അശ്വമേധനമസ്കാരം, ആനയൂട്ട്, അന്നദാനം എന്നിവയാണ് പ്രധാനവഴിപാടുകൾ. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ രാജരാജേശ്വരന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇവിടെ എത്തുന്ന ഓരോ ഭക്തനും ഭഗവാന് നെയ്യമൃത് സമർപ്പിച്ച ശേഷമാണ് മടങ്ങുന്നത്.