ഈ മാതൃദിനത്തിൽ സോഷ്യൽ മീഡിയയിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇതിൽ താരങ്ങളും ഉണ്ട്. ഇപ്പോഴിതാ മാതൃ ദിനത്തിൽ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയ താരം മോഹൻലാൽ എത്തിയിരിക്കുകയാണ് . ‘ ‘അമ്മ’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്.
ലാലിന്റെ ചെറുപ്പകാലത്തെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. നിരവധി പേരാണ് പോസ്റ്റിനു താഴെ നിമിഷങ്ങൾക്കുള്ളിൽ കമന്റുകളുമായി എത്തിയത്.പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ, മോഹൻ ലാൽ എന്ന വിസ്മയത്തിന് പിറക്കാൻ ഈശ്വരൻ കണ്ടെത്തിയ മറ്റൊരു പുണ്യം, ഭാഗ്യം ചെയ്ത അമ്മ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.
മറികടക്കാൻ ഇനി റെക്കോർഡുകൾ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീർവാദ് സിനിമാസ് അപ്ഡേറ്റ് പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹൻലാൽ’ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നേരത്തെ ചിത്രം വിദേശമാർക്കറ്റിൽ 10 മില്യൺ ഗ്രോസ് കളക്ഷൻ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.