തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തുടരും സർവകാല റെക്കോർഡ് നേടിയാണ് തിയേറ്റർ വിട്ടത്. 200 കോടിക്കും മേലെയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ. ഇപ്പോഴിതാ തുടരുമിന്റെ റിലീസിന്റെ ആദ്യ ദിനം ചിത്രം വിജയിച്ചെന്നറിഞ്ഞപ്പോഴുള്ള മോഹൻലാലിന്റെ പ്രതികരണത്തെക്കുറിച്ച് മനസുതുറക്കുകയാണ് സത്യൻ അന്തിക്കാട്.
ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിനിടയിലാണ് തുടരും ഹിറ്റായെന്നുള്ള ഫോൺ കോളുകൾ മോഹൻലാലിന് വന്നത്. 'ദൈവമേ…' എന്നൊരു മന്ത്രിക്കൽ മാത്രമായിരുന്നു മോഹൻലാലിന്റെ മറുപടിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. എത്ര വലിയ വിജയമായാലും നിലത്ത് കാലുറപ്പിച്ചു നിൽക്കാൻ മോഹൻലാലിന് കഴിയുന്നു എന്നും അദ്ദേഹം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കുറിച്ചു.
'വിജയവും പരാജയവും നിസ്സംഗതയോടെ കാണാനുള്ള കഴിവുണ്ട് മോഹൻലാലിന്. 'തുടരും' എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഞങ്ങൾ 'ഹൃദയപൂർവ്വ'ത്തിന്റെ ഷൂട്ടിങ്ങിനായി പുനെയിലാണ്. സംഗീതയും മാളവികയും സംഗീത പ്രതാപുമൊക്കെയുള്ള രസകരമായ ഒരു രംഗം എടുത്തു കൊണ്ടിരിക്കെ നാട്ടിൽ നിന്നു തുരുതുരാ ഫോണുകൾ വരുന്നു.
"ലാലേട്ടാ.. പടം സൂപ്പർ ഹിറ്റ്. 'ദൈവമേ..' എന്നൊരു മന്ത്രിക്കൽ മാത്രമാണ് മറുപടി. ഉച്ചയാവുമ്പോഴേക്കും വിവരം കിട്ടി തുടരും. ഒരു സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ്. വീഡിയോ കോളിലൂടെ തരുൺ മൂർത്തിയും രഞ്ജിത്തും ബി ഉണ്ണികൃഷ്ണനുമൊക്കെ ആഹ്ളാദാരവങ്ങൾ മുഴക്കി. ഞാൻ പറഞ്ഞു, 'ബാക്കി നമുക്കു നാളെയെടുക്കാം… ലാൽ മുറിയിലേക്കു പൊയ്ക്കൊള്ളു'. 'എന്തിന്? നമുക്ക് ഷൂട്ട് ചെയ്യാം. ഇതൊക്കെ ഈശ്വരന്റെ അനുഗ്രഹം. അത്രയേയുള്ളു…', എന്നാണ് മോഹൻലാൽ പറഞ്ഞത്. എപ്പോഴും പരാജയങ്ങളെക്കാൾ പേടിക്കേണ്ടത് വിജയത്തെയാണ്. അറിയാതെ അടിതെറ്റിപ്പോവും. പക്ഷേ, എത്ര വലിയ വിജയത്തിലും നിലത്ത് കാലുറപ്പിച്ചു നിൽക്കാൻ മോഹൻലാലിന് കഴിയുന്നു', സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരുമിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
അതേസമയം, ബോക്സ് ഓഫീസിൽ 50 കോടിയും കടന്ന് മുന്നേറുകയാണ് ഹൃദയപൂർവ്വം. റിലീസ് ചെയ്തു 12 ദിവസങ്ങൾ പിന്നിടുമ്പോൾ 31.25 കോടിയാണ് ഹൃദയപൂർവ്വത്തിന്റെ കേരളത്തിൽ നിന്നുള്ള നേട്ടം. ആദ്യ ദിനം 8.42 കോടി നേടി സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. ചിത്രത്തിന്റെ ആഗോള കളക്ഷൻ 62 കോടിയോട് അടുക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.