കൊച്ചി: മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം 'തുടരും' ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു.
ഇത് തെറ്റായ കാര്യമാണ്. ബസിന്റെ നമ്പര്‍ കണ്ടുപിടിച്ച് പരിശോധിച്ചപ്പോള്‍ മലപ്പുറം ജില്ലയിലുള്ള ബസ്സാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. തെറ്റായ കാര്യമാണിത്. ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും തീയേറ്ററുകറുകാരുടേയും ഉള്‍പ്പെടെ ഒരുപാട് പേരുടെ ജീവിത പ്രശ്‌നമാണ്. മറ്റുള്ളവര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനായി തീര്‍ച്ചയായും പരാതി കൊടുക്കും. -തുടരും സിനിമയുടെ നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു.
വാഗമണ്ണിലേക്ക് പോവുകയായിരുന്ന കൊല്ലം രജിസ്‌ട്രേഷനിലുള്ള കെഎല്‍ 02 എഇ 3344 എന്ന രജിസ്‌ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലാണ് മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം തുടരും പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്ത് കൂടി പോയ മറ്റ് വാഹനത്തില്‍ ഉള്ളവരാണ് പകര്‍ത്തിയത്.