കര്‍ണാടകയില്‍ പത്താംക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസില്‍ പണവും അപേക്ഷകളും ; വിജയിപ്പിക്കാന്‍ ' കൈക്കൂലി '

07:21 AM Apr 21, 2025 | Suchithra Sivadas

 ഉത്തരകടലാസുകളില്‍ അപേക്ഷകളും കറന്‍സി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇന്‍വിജിലേറ്റര്‍മാരായ അധ്യാപകര്‍ നോട്ടുകളും അപേക്ഷകള്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം.


ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പരീക്ഷ പാസാകാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ 500 രൂപയുടെ നോട്ടാണ് ഇട്ടത്. ഇന്‍വിജിലേറ്ററുടെ സ്‌നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കുന്നുവെന്ന നിലയിലായിരുന്നു ചില അഭ്യര്‍ത്ഥനകള്‍
'സര്‍, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ' എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന. പരീക്ഷ പാസാകാന്‍ അധ്യാപകന്‍ സഹായിക്കുമെങ്കില്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു ചിലരുടെ വാഗ്ദാനം. 'എന്നെ വിജയിപ്പിച്ചാല്‍, ഞാന്‍ നിങ്ങള്‍ക്ക് പണം തരാം' എന്ന് ഉത്തരക്കടലാസില്‍ കുറിച്ച വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. തങ്ങളുടെ ഭാവി ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ചിലര്‍ കുറിച്ചപ്പോള്‍ വിജയിപ്പിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ കോളേജിലേയ്ക്ക് അയക്കില്ല എന്നായിരുന്നു ഒരാള്‍ കുറിച്ചത്.