ക്ഷേത്രത്തിലെത്തിയ ഭക്തന്റെ 20 ലക്ഷം വില വരുന്ന ആഭരണങ്ങള്‍ കുരങ്ങ് തട്ടിയെടുത്തു

05:03 PM Jun 07, 2025 | Suchithra Sivadas

ഉത്തര്‍പ്രദേശില്‍ ഭക്തന്റെ 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളടങ്ങിയ പഴ്സ് തട്ടിയെടുത്ത് കുരങ്ങന്‍. വൃന്ദാവനിലെ പ്രശസ്തമായ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. അലിഗഢ് സ്വദേശിയായ അഭിഷേക് അഗര്‍വാള്‍ കുടുംബത്തോടൊപ്പം വൃന്ദാവനത്തിലെത്തി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കുരങ്ങന്‍ ഭാര്യയുടെ കയ്യിലിരുന്ന പഴ്സ് തട്ടിപ്പറിച്ചത്.

കുരങ്ങന്റെ കയ്യില്‍ നിന്ന് പഴ്സ് തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ പല വിധത്തിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ നിന്ന് പഴ്സ് കണ്ടെത്തി. ആഭരണങ്ങള്‍ മുഴുവന്‍ പഴ്സില്‍ തന്നെയുണ്ടായിരുന്നു. ഇത് പൊലീസ് കുടുംബത്തിന് കൈമാറുകയും ചെയ്തു.

വൃന്ദാവനത്തില്‍ കുരങ്ങുകളുടെ ശല്യം പതിവുകാഴ്ച്ചയായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു കുരങ്ങന്‍ ഭക്തനില്‍ നിന്ന് എസ് 25 അള്‍ട്ര തട്ടിയെടുത്തിരുന്നു. ഒരു ഫ്രൂട്ടി പകരം നല്‍കിയാണ് ഭക്തന്‍ തന്റെ ഫോണ്‍ കുരങ്ങനില്‍ നിന്ന് തിരിച്ച് പിടിച്ചത്.

Trending :