കാലവർഷം ചൊവ്വാഴ്ച ആൻഡമാൻ തീരം തൊട്ടു ; രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ

02:50 PM May 13, 2025 |


കൊച്ചി: തെക്ക് പടിഞ്ഞാറൻ കാലവർഷം ചൊവ്വാഴ്ച ആൻഡമാൻ തീരത്തെത്തി. രണ്ടു ദിവസമായി ദ്വീപുകളിൽ വ്യപകമായി മഴയാണ്. തിങ്കളാഴ്ച ചിലയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെയോടെ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ആൻഡമാനിൽ എത്തിയശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ് കാലവർഷക്കാറ്റ് കേരളത്തിലെത്തുക. ബംഗാൾ ഉൾക്കടലിൽ ഇതിനിടെ രൂപപ്പെടാവുന്ന ന്യൂനമർദവും മറ്റ് പ്രതികൂലഘടകങ്ങളും കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കാറുണ്ട്. ദക്ഷിണാർത്ഥ ഗോളത്തിൽനിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ഭൂമധ്യരേഖകടന്ന് കിഴക്കോട്ട് വീശുന്ന കാറ്റും കേരളതീരത്തേക്ക് എത്തണം. 27 -ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് നിഗമനം. ഇത് അഞ്ചു ദിവസം ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം.

രാജ്യത്ത് സാധാരണയിൽ കൂടുതൽ മഴ ജൂൺ മുതൽ സെപ്റ്റംബറർ വരെയുള്ള മൺസൂണിൽ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം ഇടവപ്പാതിക്കാലത്ത് കേരളത്തിൽ 1748.1 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ്