തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ 14 മുതൽ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച റെഡ് അലർട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ റെഡ് അലറട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. തെക്കൻ ചൈന കടലിലെ ചുഴലിക്കാറ്റിന്റെയും ബംഗാൾ ഉൾകടലിലെ ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.