ഇടുക്കി: മൂലമറ്റം തേക്കിന്കൂപ്പിനുസമീപം പുരുഷന്റെ മൃതദേഹം പായില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാവിലെ എട്ടരയോടെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂലമറ്റം വൈദ്യുതനിലയത്തില്‍നിന്ന് പുറത്തുവരുന്ന വെള്ളം ഒഴുക്കിവിടുന്ന കനാലിന്റെ ഒരുഭാഗത്ത് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോമറിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ മേലുകാവില്‍നിന്ന് കാണാതായ 49 വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന അനുമാനത്തിലാണ് പോലീസ്. എന്നാല്‍, പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹത്തിന് നാലുദിവസത്തിലേറെ പഴക്കമുണ്ട്. പുഴുവരിച്ച നിലയിലായിരുന്നു. അതിനാല്‍, മേലുകാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്കും പൂര്‍ണമായി തിരിച്ചറിയാനായില്ല. വെട്ടിയും കുത്തിയും കൊന്നതാണെന്ന് പോലീസ് കരുതുന്നു. വായില്‍ തോര്‍ത്ത് തിരുകിയിരുന്നു. തലയിലും ശരീരമാസകലവും വലിയ മുറിവുകളുണ്ട്. ഇടതുകൈയും കാണാനില്ല. കൈയും കാലും ഇലക്ട്രിക് കേബിളും തുണിയുമുപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു.
മേലുകാവ് പോലീസ്സ്റ്റേഷന് പരിധിയില്‍നിന്ന് കാണാതായ വ്യക്തിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മുപ്പതോളം കേസിലുള്‍പ്പെട്ട ഇയാള്‍ക്കെതിരേ പോലീസ് കാപ്പ ചുമത്തിയിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തിനിടയാക്കിയതെന്നും പോലീസ് സംശയിക്കുന്നു. ഈവഴിക്കും അന്വേഷണം നടക്കുന്നു. ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് സംഘങ്ങള്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധനയടക്കം വേണ്ടിവരും. മൃതദേഹം തിരിച്ചറിഞ്ഞാലേ കൊലപാതകത്തിന്റെ കാരണമടക്കമുള്ളവയില് വ്യക്തതവരൂവെന്ന് പോലീസ് പറഞ്ഞു.