2026ല്‍ തന്റെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് കോണ്‍ഫിഡന്റായി പറഞ്ഞിരിക്കുകയാണ് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ കത്തിലാണ് പരാമർശം
1967ലും 1977ലും ഉണ്ടായ രാഷ്ട്രീയമാറ്റം പോലൊരു മാറ്റം തമിഴ്‌നാട്ടില്‍ 2026ല്‍ ഉണ്ടാകുമെന്നാണ് വിജയ് അവകാശപ്പെടുന്നത്.
തന്റെ പാര്‍ട്ടിയായ ടിവികെ ഒരു വ്യക്തിക്കും എതിരല്ലെന്നും വ്യക്തികളെക്കാള്‍ വലുത് ജനാധിപത്യമാണെന്നും കത്തില്‍ വിജയ് കുറിച്ചിട്ടുണ്ട്. ഏത് വിഷയമായാലും ജനക്ഷേമം മാത്രം മുന്‍നിര്‍ത്തിയാണ് താനും പാര്‍ട്ടിയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നും വിജയ് ചൂണ്ടിക്കാട്ടുന്നുണ്ട്.
തന്റെ അഭിപ്രായങ്ങളെയും ആശയങ്ങളെയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും വിശദീകരിക്കുന്ന അദ്ദേഹം ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും കത്തില്‍ പറയുന്നുണ്ട്.
ടിവികെയുടെ വാര്‍ഷിക ആഘോഷത്തിനോട് അനുബന്ധിച്ച് മധുര ജില്ലയിലെ അളഗര്‍ കോവില്‍ റോഡിലെ മാത്തൂര്‍ വിളക്കില്‍ കാളവണ്ടിയോട്ട മത്സരം സംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര സംവിധായകന്‍ വെട്രിമാരന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. തമിഴ് സിനിമ ലോകത്തും രാഷ്ട്രീയ രംഗത്തും ഇതാണ് ചൂടുള്ള ചര്‍ച്ചാവിഷയം.