ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. പിതാവിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം.
ഇതും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. അതിനിടെ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ശ്രമിക്കുകയാണ് പൊലീസ്. പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി എന്നിവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയേക്കും. നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11 മണിയോടുകൂടി ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
ബിഎസ്സി നഴ്സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു