രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഓടയിൽ തള്ളി അമ്മയുടെ പങ്കാളി ; രക്ഷകനായി ഡെലിവറി ഏജന്റ്

04:00 PM Dec 05, 2025 | Neha Nair

നോയിഡ: ഡെലിവറി ബോയിയുടെ സമയോചിതമായ ഇടപെടലിൽ നോയിഡയിൽ ഓടയിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് പിഞ്ചു കുട്ടികൾക്ക് രക്ഷ. കുട്ടികളുടെ അമ്മയുടെ പങ്കാളി കൊലപ്പെടുത്താൻ ഉദ്ദേശിച്ച് ഓടയിൽ തള്ളിയിട്ട കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച തൻ്റെ ഡെലിവറി പാഴ്സലുമായി പോവുകയായിരുന്ന ഓംദീപ് എന്ന ഡെലിവറി ഏജന്റ് കരച്ചിൽ കേട്ട് ഓടയിലേക്ക് നോക്കി. ഓടക്കരികിലെത്തിയ ഓംദീപ് നാല് വയസ്സുള്ള ആൺകുട്ടിയെയും മൂന്ന് വയസ്സുള്ള പെൺകുട്ടിയെയും കണ്ടെത്തി. തുടർന്ന് ഓംദീപ് തന്നെ രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു. നോയിഡ സെക്ടർ 142-ലായിരുന്നു സംഭവം.

ഓംദീപ് സംഭവം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ അമ്മയായ നീലത്തിന്റെ പങ്കാളി ആശിഷ് (22) ആണ് ഇവരെ ഓടയിൽ തള്ളിയിട്ടതെന്ന് കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ആശിഷിനെ നോയിഡ സെക്ടർ 142 മെട്രോ സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കുട്ടികളെ തൻ്റെ കൂടെ നിർത്താൻ താൽപര്യമില്ലാത്തതിനാലാണ് ആശിഷ് ഇത് ചെയ്തതെന്ന് സെക്ടർ 142 പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ മിശ്ര പറഞ്ഞു.

നീലവും ആശിഷും ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. നീലം ആശിഷിൻ്റെ കസിനെയാണ് വിവാഹം കഴിച്ചിരുന്നത്. ഇരുവരും സൗഹൃദത്തിലാവുകയും ബന്ധം വളരുകയും ചെയ്തു. നീലത്തിൻ്റെ ഭർത്താവ് ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ആശിഷ് അവരെയും രണ്ട് കുട്ടികളെയും കൂട്ടി നോയിഡയിലേക്ക് വന്നു. "എന്നാൽ കുട്ടികളെ തൻ്റെ കൂടെ നിർത്താൻ ആശിഷിന് ഇഷ്ടമുണ്ടായിരുന്നില്ലെന്നും എസ്എച്ച്ഒ. പറഞ്ഞു.

ചൊവ്വാഴ്ച ആശിഷ് നീലത്തെയും കൂട്ടി മാർക്കറ്റിൽ പോയി അവിടെ നിർത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി. തുടർന്ന് കുട്ടികളെയും കൊണ്ട് പോയ ഇയാൾ നോയിഡയിലെ സെക്ടർ 137-ലെ പാരസ് ടൈറ സൊസൈറ്റിക്ക് മുന്നിലുള്ള 10 അടി താഴ്ചയുള്ള ഓടയിൽ എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്താനുള്ള ശ്രമമടക്കം ഭാരതീയ ന്യായ സംഹിത പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികൾ നിലവിൽ ആരോഗ്യവാന്മാരാണെന്നും നോയിഡയിലെ ഡേ കെയർ സെൻ്ററിലാണ് കഴിയുന്നതെന്നും ശിശുക്ഷേമ സമിതി ചെയർമാൻ കെ.സി. വിർമാനി അറിയിച്ചു. കുട്ടികളെ വെള്ളിയാഴ്ച ബോർഡിന് മുന്നിൽ ഹാജരാക്കും.