
ജയില്‍ ചാടി വീട്ടിലെത്തിയ മകനെ ജയിലില്‍ തന്നെ തിരിച്ചേല്‍പ്പിച്ച് മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലില്‍ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ചേല്‍പ്പിച്ചത്. മാതാവിന്റെ നടപടിയെ പുകഴ്ത്തി പാക് സോഷ്യല്‍മീഡിയ രംഗത്തെത്തി.
മോഷണക്കുറ്റത്തിനാണ് ഇവരുടെ മകന് ജയിലിലായത്. എന്റെ മകന് ഒരു തെറ്റ് ചെയ്തു, പക്ഷേ ഞാന്‍ തന്നെ അവനെ തിരികെ കൊണ്ടുവന്നു. ദയവായി അവനെ ഉപദ്രവിക്കരുത്- അവര്‍ ജയിലിന് മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോഷണക്കുറ്റത്തിന് ആറ് മാസത്തെ തടവ് അനുഭവിച്ചു വരികയായിരുന്ന മകന് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ജയിലില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയതായി അമ്മ പറഞ്ഞു. എന്നാല്‍ ജയിലിലേക്ക് തന്നെ മടങ്ങാന്‍ അമ്മ അവനെ നിര്‍ബന്ധിച്ചു. മാലിര്‍ ജയില്‍ വരെ അമ്മ അവനോടൊപ്പം പോയി ജയില്‍ അധികാരികള്‍ക്ക് കൈമാറി. തന്റെ മകന് നിരപരാധിയാണെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു സുഹൃത്തിനൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടതിനാണ് ജയിലിലടച്ചതെന്നും പിതാവ് പറഞ്ഞു. ജയിലില്‍ നിന്ന് ഓടിപ്പോകരുതെന്ന് ഞാന്‍ അവനോട് പറഞ്ഞു. ഓടുന്നത് കണ്ടാല്‍ അവര്‍ക്ക് നിന്നെ വെടിവയ്ക്കാന്‍ കഴിയുമെന്നും തിരികെ പോകുന്നതാണ് നല്ലതെന്നും അവനെ പറഞ്ഞ് മനസ്സിലാക്കിയെന്നും അവര്‍ പറഞ്ഞു.
പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെ 216 തടവുകാര്‍ ജയില്‍ ചാടിയ കൂട്ടത്തിലാണ് ഇവരുടെ മകനും രക്ഷപ്പെട്ടത്. ജയില്‍ ഭിത്തികളില്‍ വിള്ളലുണ്ടായതിന് പിന്നാലെ സെല്ലുകളുടെ വാതിലുകളും പൂട്ടുകളും തകര്‍ത്തും ജനലുകള്‍ പൊളിച്ചും തടവു പുള്ളികള്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തീവ്രവാദ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം തടവുകാരെ പാര്‍പ്പിച്ചിരുന്ന കാറാച്ചിയിലെ മലിര്‍ ജയിലിലാണ് സംഭവം. പാകിസ്ഥാനിലെ കുപ്രസിദ്ധരായ നിരവധി തടവുകാരും ഇവിടെയുണ്ടായിരുന്നു.