+

പെണ്‍കുട്ടിയാണെന്നുള്ള അമ്മായിയമ്മയുടെ കുത്തുവാക്ക്;41 ദിവസം പ്രായമുള്ള നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തി

കന്യാകുമാരിയിലെ കരുങ്ങലിനടുത്ത്‌ പെണ്‍കുട്ടിയാണെന്നുള്ള  അമ്മായിയമ്മയുടെ കുത്തുവാക്ക് സഹിക്കാനാവാതെ 41 ദിവസം പ്രായമുള്ള നവജാതശിശുവിനെ  അമ്മ കൊലപ്പെടുത്തി

കന്യാകുമാരിയിലെ കരുങ്ങലിനടുത്ത്‌ പെണ്‍കുട്ടിയാണെന്നുള്ള  അമ്മായിയമ്മയുടെ കുത്തുവാക്ക് സഹിക്കാനാവാതെ 41 ദിവസം പ്രായമുള്ള നവജാതശിശുവിനെ  അമ്മ കൊലപ്പെടുത്തി .കുഞ്ഞിനെ ചുമരിലേക്ക് എറിഞ്ഞ് വായില്‍ ടിഷ്യു തിരുകിയാണ് കൊല നടത്തിയത്. അമ്മ ബെനിറ്റ ജയ (20)യെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെയാണ് പെണ്‍കുഞ്ഞ് മരിക്കുന്നത്.

മുലപ്പാല്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുഞ്ഞിനെ ഭാര്യ ഉപദ്രവിച്ചുള്ളതായി സംശയിക്കുന്നുണ്ടെന്നുമുള്ള യുവതിയുടെ ഭര്‍ത്താവ് കാര്‍ത്തിക് പൊലീസില്‍ മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്‍റെ നെറ്റിയില്‍ രക്തം കണ്ടെത്തിയിരുന്നു. തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറിന്‍റെ കഷ്ണവും ലഭിച്ചു. ഇതോടെയാണ് വായില്‍ ടിഷ്യു പേപ്പര്‍ തിരുകിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്നത്.ബെനിറ്റയുടെയും കാർത്തികിന്റെയും പ്രണയവിവാഹമായിരുന്നു.

രണ്ടുമതങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇരുവരുടെയും കുടുംബത്തില്‍നിന്ന് വിവാഹത്തിന് എതിര്‍പ്പ് ഉണ്ടായിരുന്നു. പെണ്‍കുഞ്ഞുജനിച്ചതോടെ ബെനിറ്റയും അമ്മായിയമ്മയും തമ്മില്‍ വഴക്ക് പതിവായി. പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ ജനിച്ച രാശി ശരിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും വഴക്കിടുകയുമായിരുന്നു.

തുടര്‍ന്ന് ഇവരെ താമസിച്ചിരുന്ന വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അമ്മായിയമ്മ തന്നെ ശകാരിച്ചപ്പോഴും ഭര്‍ത്താവ് അവര്‍ക്ക് അനുകൂലമായി സംസാരിച്ചെന്ന് പറഞ്ഞ് ബെനിറ്റ കാര്‍ത്തികിനോട് കലഹിച്ചു. പിന്നാലെ കുഞ്ഞിനെയെടുത്ത് ചുമരിലേക്ക് എറിഞ്ഞുവെന്നും കുട്ടിയുടെ തല മുറിഞ്ഞ് രക്തം വന്നെന്നും കാര്‍ത്തിക് പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ ബെനിറ്റ നിലവില്‍ തക്കല ജയിലിലാണ്.

facebook twitter