വിപണി കീഴടക്കാൻ മോട്ടോ എഡ്ജ് 60 പ്രോ ഈ മാസം 30 നെത്തും

06:00 PM Apr 27, 2025 | Kavya Ramachandran

മോട്ടോ എഡ്ജ് 60 പ്രോ ഈ മാസം 30 നെത്തും. ഫ്ലിപ്കാർട്ടിലൂടെയും മോട്ടോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുമാകും വില്പന. ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്. മോട്ടോയുടെ എഡ്ജ് 60 ഫ്യൂഷൻ, എഡ്ജ് 60 സ്റ്റൈലസ്, എഡ്ജ് 50 പ്രൊ തുടങ്ങിയ ഫോണുകൾക്ക് പിന്നാലെയാണ് സീരീസിലെ ഏറ്റവും മികച്ച സവിശേഷതകളടങ്ങിയ എഡ്ജ് 60 പ്രോ വിപണിയിലെത്തുന്നത്.

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് പിഒഎൽഇഡി, 10-ബിറ്റ്, എച്ച്ഡിആർ10+, ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന ആകർഷണം. 4500 നിറ്റ്‌സ് ആയിരിക്കും പീക്ക് ബ്രൈറ്റ്‌നസ്. ഡിസ്‌പ്ലേയ്ക്ക് അക്വാ ടച്ചിനൊപ്പം കോർണിംഗ് ഗൊറില്ല 7i സംരക്ഷണവും ലഭിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8350 (4nm ചിപ്പ്) യാണ് ഫോണിൻറെ കരുത്ത്. ഫോൺ 256GB (UFS4.0) ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

50MP സോണി ലൈറ്റിയ 700C , 120° FOV ഉള്ള 50MP അൾട്രാവൈഡ് ആംഗിൾ, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെ ട്രിപ്പിൾ കാമറ സെറ്റപ്പാണ് പിൻഭാഗത്ത് മോട്ടോ നൽകിയിരിക്കുന്നത്. സെൽഫി പ്രേമികൾക്കായി 50 എംപി കാമറ മുന്നിലും നൽകിയിട്ടുണ്ട്.


വമ്പൻ ബാറ്ററിയാണ് മറ്റൊരു ആകർഷണം. 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000 mAh ബാറ്ററിയാണ് ഫോണിന്റെ പവർഹൗസ്. 15W വയർലെസ് ചാർജിംഗും 5W റിവേഴ്‌സ് ചാർജിംഗ് പിന്തുണയുമുണ്ട്. ബോക്‌സിനുള്ളിൽ 90W ടർബോ പവർ ചാർജറും വരുന്നുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G, NFC, ഡ്യുവൽ-സിം, ബ്ലൂടൂത്ത് 5.4 തുടങ്ങി നിരവധി സൗകര്യങ്ങൾ ഉൾപ്പെടുന്നു. ഇതിന് IP68, IP69 പൊടി, ജല സംരക്ഷണം, MIL-STD-810H സർട്ടിഫിക്കേഷനുകൾ എന്നിവയുമുണ്ട്. പാന്റോൺ ഡാസ്ലിംഗ് ബ്ലൂ, പാന്റോൺ ഷാഡോ, പാന്റോൺ സ്പാർക്ലിംഗ് ഗ്രേപ്പ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഏകദേശം 60000 രൂപക്ക് മുകളിലാകും വില വരുക.