മുംബൈ: രാജ്യത്തെ തൊഴിലില്ലായ്മ എത്രമാത്രം രൂക്ഷമാണെന്ന് തെളിയിക്കുകയാണ് മുംബൈയിലെ ഗ്രാഫിക് ഡിസൈനറായ കമലേഷ് കാംതേകര്‍. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടതിനെ കുറിച്ചും പുതിയ ജോലി അന്വേഷിക്കുന്നതിനിടയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ഹൃദയസ്പര്‍ശിയായ കഥ അടുത്തിടെ ലിങ്ക്ഡ്ഇനില്‍ പങ്കുവച്ചപ്പോള്‍ അത് അതിവേഗം വൈറലായി മാറി.
മുമ്പ് ഒരു അസിസ്റ്റന്റ് ക്രിയേറ്റീവ് മാനേജറായി സേവനമനുഷ്ഠിച്ച കാംതേകര്‍, ഒരു പുതിയ ജോലി നേടുന്നതില്‍ താന്‍ നേരിട്ട നിരന്തരമായ വെല്ലുവിളികള്‍ വിശദമായി വിവരിക്കുന്നുണ്ട്. എണ്ണമറ്റ റെസ്യൂമെകള്‍ അയച്ചിട്ടും സജീവമായി നെറ്റ്വര്‍ക്കിംഗ് നടത്തിയിട്ടും, കാംതേക്കറിന് മറ്റൊരു ജോലി കണ്ടെത്താനായില്ല.
ജോലി നേടുന്നതിലെ പ്രധാന വെല്ലുവിളി ശമ്പള പാക്കേജായിരുന്നു. 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിട്ടും പ്രതീക്ഷിച്ചതിലും കുറഞ്ഞ പാക്കേജ് ആണ് മിക്കവരും വാഗ്ദാനം ചെയ്തത്. ഇതോടെ മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നതിനുപകരം എന്തുകൊണ്ട് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിച്ച് കുറഞ്ഞ ശമ്പളത്തില്‍ പണം സമ്പാദിച്ചുകൂടാ എന്ന ആലോചനയാണ് ഒടുവില്‍ ഓട്ടോറിക്ഷയില്‍ എത്തിനില്‍ക്കുന്നത്.
കാംതേകറിന്റെ കുറിപ്പ് ഉപയോക്താക്കളെ സ്പര്‍ശിച്ചു. സഹാനുഭൂതിയും പ്രോത്സാഹനവും നിറഞ്ഞതായിരുന്നു പലരുടേയും പ്രതികരണം. പ്രതികൂല സാഹചര്യങ്ങളിലും ജീവിതം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും പലരും അഭിനന്ദിച്ചു.
ജീവിതത്തിന്റെ പ്രവചനാതീതതയെക്കുറിച്ചും അതിന്റെ വെല്ലുവിളികളെ നാവിഗേറ്റ് ചെയ്യാന്‍ ആവശ്യമായ ശക്തിയെക്കുറിച്ചും ഒരു ഓര്‍മ്മപ്പെടുത്തലാണ് കാംതേകറിന്റെ പോസ്റ്റ്.