കൊച്ചി: വിദേശപഠനം നടത്താന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കണമെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. മെഡിസിന്, ഡെന്റ്റിസ്ട്രി, നേഴ്സിംഗ്, ലോ പോലുള്ള 'റെഗുലേറ്റഡ്' പ്രൊഫഷന്‍സ്. ഈ വിഷയങ്ങളില്‍ ഡിഗ്രി പാസ്സായാലും ആ പ്രൊഫഷനില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് അതാത് രാജ്യങ്ങളിലെ ആ വിഷയങ്ങളിലെ പ്രൊഫഷന് നിയന്ത്രിക്കുന്ന കൗണ്‍സിലുകളുടെ അംഗീകാരം വേണം. അതുകൊണ്ടുതന്നെ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
വിദേശത്തെ നേഴ്സിംഗ് പഠനം
നമ്മുടെ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതിനെ പൊതുവെ പിന്തുണക്കുന്ന ഒരാളാണ് ഞാന്‍ എന്നറിയാമല്ലോ.
എന്നാല്‍ വിദേശത്തെ പഠനം ഏറെ ചിലവുള്ളതാണ്. നല്ല റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റികളില്‍ അല്ലെങ്കില്‍ പഠനം കഴിഞ്ഞാല്‍ പഠിച്ച വിഷയത്തില്‍ തൊഴില്‍ ലഭിച്ചേക്കില്ല. എല്ലാ വിദേശരാജ്യങ്ങളും സാമ്പത്തികമായി ഒരേ നിലയിലല്ല. അപ്പോള്‍ നല്ല യൂണിവേഴ്സിറ്റികളില്‍ പഠിച്ചാലും പഠന ശേഷം അവിടെത്തനെ ജോലി ലഭിച്ചാലും ഇന്ത്യയേക്കാള്‍ മെച്ചമായ സാമ്പത്തിക സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നില്ല. അപ്പോള്‍ വിദ്യാഭ്യാസത്തിന് ചിലവാക്കിയ തുക തിരിച്ചെടുക്കാനാകാതെ വരും. ലോണെടുത്തിട്ടുണ്ടെങ്കില്‍ കുടുംബം സാമ്പത്തിക പരാധീനതയിലുമാകും.
ഇതൊക്കെ അറിഞ്ഞു വേണം വിദേശ വിദ്യാഭ്യാസത്തിന് കോഴ്സും, യൂണിവേഴ്സിറ്റിയും രാജ്യവും ഒക്കെ തിരഞ്ഞെടുക്കാന്‍.
ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ട ഒന്നാണ് മെഡിസിന്, ഡെന്റ്റിസ്ട്രി, നേഴ്സിംഗ്, ലോ പോലുള്ള 'റെഗുലേറ്റഡ്' പ്രൊഫഷന്‍സ്. ഈ വിഷയങ്ങളില്‍ ഡിഗ്രി പാസ്സായാലും ആ പ്രൊഫഷനില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് അതാത് രാജ്യങ്ങളിലെ ആ വിഷയങ്ങളിലെ പ്രൊഫഷന് നിയന്ത്രിക്കുന്ന കൗണ്‍സിലുകളുടെ അംഗീകാരം വേണം. ഒരു രാജ്യത്ത് നിന്നും ലഭിക്കുന്ന പ്രൊഫഷണല്‍ ഡിഗ്രി അടുത്ത രാജ്യം രെജിസ്ടേഷനുവേണ്ടി അംഗീകരിക്കണമെന്നില്ല. മറ്റു രാജ്യങ്ങളില്‍ നേടുന്ന ഇത്തരം പ്രൊഫഷനുകള്‍ ഇന്ത്യയില്‍ പ്രാക്ടിസിന് പോലും അംഗീകൃതമല്ലാത്ത സാഹചര്യമുണ്ട്. അല്ലെങ്കില്‍ വിദേശത്ത് പരീക്ഷ പാസ്സായതിന് ശേഷം നാട്ടില്‍ വീണ്ടും പരീക്ഷകള്‍ എഴുതേണ്ടി വരും.
ഇതുകൊണ്ടാണ് ഇന്ത്യയില്‍ നിന്നും വിദേശത്തുപോയി മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നതിനെ ഞാന്‍ പൊതുവില്‍ പിന്തുണക്കാത്തത്. വിദേശത്ത് മെഡിക്കല്‍ ഡിഗ്രിയെടുത്തതിന് ശേഷം ഇന്ത്യയില്‍ രെജിസ്ടേഷന് കിട്ടാതെ കഷ്ടപ്പെടുന്ന ഏറെ കുട്ടികളെ സ്ഥിരം കാണുന്നു.
ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ വിദേശത്തേക്ക് നേഴ്സിംഗ് പഠനത്തിന് പോകാന്‍ സഹായിക്കുന്ന അനവധി ഏജന്‍സികളുടെ പരസ്യം കണ്ടു. കേരളത്തില്‍ നിന്നുള്ള നേഴ്സുമാര്‍ക്ക് ലോകത്തെവിടെയും നല്ല റെപ്യൂട്ടേഷന് ഉണ്ട്. കോവിഡിന് ശേഷം നേഴ്സുമാര്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ക്ഷാമവുമുണ്ട്. ജര്മ്മനിള്പ്പടെ പല പാശ്ചാത്യ രാജ്യങ്ങളും നേഴ്സിംഗ് പഠിക്കാന്‍ വരുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്ന സാഹചര്യവുമുണ്ട്. ഈ പാശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വരുന്നത്.
മെഡിസിന് പോലെ തന്നെ 'റെഗുലേറ്റഡ്' ആയിട്ടുള്ള പ്രൊഫഷനാണ് നേഴ്സിംഗും. അതുകൊണ്ടുതന്നെ ഒരു രാജ്യത്തെ നേഴ്സിഗ് ഡിഗ്രിയുമായി മറ്റൊരു രാജ്യത്തേക്ക് എളുപ്പത്തില്‍ കുടിയേറാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ 'കുറഞ്ഞ ചിലവില്‍' വിദേശ നേഴ്സിംഗ് എന്ന പരസ്യം കണ്ട് ലോണെടുത്ത് പഠിക്കാന്‍ പോകുന്നതിന് മുന്‍പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. നിങ്ങള്‍ നേഴ്സിംഗ് പഠിക്കാന്‍ പോകുന്ന രാജ്യത്ത് ഒരു നേഴ്സ് ആയി പ്രാക്ടീസ് ചെയ്യാനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്? പരിശീലനത്തിന്റെ ദൈര്‍ഘ്യം, ഇന്റേണ്‍ഷിപ്പ്, ഭാഷ പ്രാവീണ്യം എന്നിങ്ങനെ)
2. ഇന്ത്യയില്‍ നിന്നും പഠിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് നിങ്ങള്‍ പഠിക്കുന്ന രാജ്യത്ത് രെജിസ്റ്റര്‍ ചെയ്യാനും തൊഴില്‍ നേടാനും ഉള്ള അര്‍ഹതയുണ്ടോ?
3. ആ രാജ്യത്ത് നേഴ്സുമാര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ എന്താണ്? തദ്ദേശീയര്‍ക്കോ അടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കോ മുന്‍ഗണനയുണ്ടോ?
4. ആ രാജ്യത്ത് പുതിയതായി ജോലിക്ക് കയറുന്ന നേഴ്സുമാരുടെ ശമ്പളമെന്താണ്? അവിടുത്തെ ജീവിത ചിലവ് എന്താണ്? ജീവിത ചിലവ് കഴിഞ്ഞ് മിച്ചം വരുന്ന തുക നാട്ടില്‍ ബാങ്ക് ലോണ്‍ ഉണ്ടെങ്കില്‍ അതിന്റെ തവണയടവിന് മതിയാകുമോ?
5. ആ രാജ്യത്തെ നേഴ്സിഗ് ഡിഗ്രികള്‍ ഗള്‍ഫ്, യൂറോപ്യന്‍ യൂണിയന്, യു കെ, ഓസ്ട്രേലിയ, കാനഡ, യു എസ് എന്നിങനെ മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ നേഴ്സിഗ് പ്രാക്ടീസ് ചെയ്യാന്‍ അംഗീകരിക്കപ്പെട്ടതാണോ?
6. ആ രാജ്യത്തെ നേഴ്സിംഗ് ഡിഗ്രി ഇന്ത്യയില്‍ നേഴ്സിംഗ് രെജിസ്ട്രേഷന് അംഗീകരിക്കപ്പെട്ടതാണോ?
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തവും ഗുണകരവുമായ ഉത്തരം ലഭ്യമല്ലെങ്കില്‍ ആ രാജ്യത്ത് നേഴ്സിംഗ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ബുദ്ധി.
പഠിക്കുന്നത് 'യൂറോപ്യന്‍ രാജ്യത്താണ്', സ്ഥാപനത്തിന് 'WHO' അംഗീകാരമുണ്ട് എന്നൊക്കെയുള്ള ഉത്തരങ്ങള്‍ ഗുണകരമല്ല. കാരണം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സമ്പന്നമല്ല, എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഇ യു രാജ്യങ്ങളല്ല, ഒരു യൂറോപ്യന്‍ രാജ്യത്തെ നേഴ്സിംഗ് ഡിഗ്രിയോ രെജിസ്ട്രേഷനോ മറ്റൊരു യൂറോപ്യന്‍ രാജ്യത്ത് ഓട്ടോമാറ്റിക്ക് ആയി അംഗീകരിക്കപ്പെട്ടതുമല്ല. WHO ആഗോളമായി പ്രാക്ടീസ് ചെയ്യാമെന്ന തരത്തില്‍ നേഴ്സിംഗ്, മെഡിക്കല്‍ ഡിഗ്രികള്‍ക്ക് അംഗീകാരം നല്‍കുന്നുമില്ല.
നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടൊപ്പം തന്നെ അവര്‍ തെറ്റായ വിവരങ്ങളുടെ, അറിവിന്റെ, ചിന്തകളുടെ പുറത്ത് ഗുണകരമല്ലാത്ത, സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന വിഷയങ്ങളും രാജ്യങ്ങളും ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുക്കരുതെന്നും എനിക്ക് ആഗ്രഹമുണ്ട്. അനവധി എജന്റുമാരും ബ്ലോഗര്‍മാരും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായും കാണുന്നു.