+

യൂറോപ്പും അമേരിക്കയുമെല്ലാം കുടിയേറ്റം തടഞ്ഞാല്‍ വലിയ വില കൊടുക്കേണ്ടിവരും, ജര്‍മനിയും കാര്യങ്ങള്‍ കടുപ്പിക്കുന്നു, മലയാളികള്‍ക്കും തിരിച്ചടി

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്നതാണ് മലയാളികളുടെ പ്രവാസം. എന്നാല്‍, അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമെല്ലാം വരുന്ന വാര്‍ത്തകള്‍ കുടിയേറ്റക്കാര്‍ക്ക് ഭീഷണിയാവുകയാണ്.

കൊച്ചി: ലോകമെങ്ങും വ്യാപിച്ചുകിടക്കുന്നതാണ് മലയാളികളുടെ പ്രവാസം. എന്നാല്‍, അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമെല്ലാം വരുന്ന വാര്‍ത്തകള്‍ കുടിയേറ്റക്കാര്‍ക്ക് ഭീഷണിയാവുകയാണ്. നിലവാരമുള്ള ജീവിതം നേടി മറ്റു രാജ്യങ്ങളിലെത്തുന്നവര്‍ക്ക് അവിടുത്തെ പൗരത്വം നേടുക ഇനി എളുപ്പമല്ല. ഇത് ജോലി തേടുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.

കുടിയേറ്റത്തെ ചെറുക്കാന്‍ രാജ്യങ്ങള്‍ നിയമം കടുപ്പിച്ചാല്‍ ആ രാജ്യങ്ങളിലെ സാമ്പത്തികമായും സാമൂഹികവുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകും. ഇത് ഭാവിയില്‍ ഈ നിയമം മാറ്റാന്‍ അവരെ നിര്‍ബന്ധിതമാക്കും. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ നാടകീയം ആണെങ്കിലും അവയുടെ പ്രത്യാഘാതങ്ങള്‍ വ്യക്തമാകുന്നതോടെ കൂടുതല്‍ യുക്തിസഹമായ നയങ്ങളും നടപടികളും ഉണ്ടാകുമെന്നുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മതിലുകള്‍ ഉയരുന്ന ലോകം!
അമേരിക്കയില്‍ പുതിയ പ്രസിഡന്റ് വന്നിട്ട് പത്തു ദിവസം ആകുന്നതേ ഉള്ളൂ. അതിനിടയില്‍ തന്നെ നാടകീയമായ നീക്കങ്ങളും രംഗങ്ങളുമാണ് നാം കാണുന്നത്.
അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ കണ്ടെത്തി വിലങ്ങുവെച്ച് അവരുടെ മാതൃരാജ്യങ്ങളിലേക്ക് മിലിട്ടറി വിമാനങ്ങളില്‍ കയറ്റി അയക്കുന്ന കാഴ്ചയാണ് ഒന്നാമത്തേത്.

അയല്‍രാജ്യങ്ങളായ മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും വരുന്ന ഇറക്കുമതിക്ക് ഇരുപത്തി അഞ്ചു ശതമാനം ചുങ്കവും ചൈനയില്‍ നിന്നും വരുന്നതിന് പത്തു ശതമാനം ചുങ്കവും നടപ്പിലാക്കിയതാണ് അടുത്ത തീരുമാനം.

അതിരുകള്‍ ഇല്ലാതാകുന്ന ഒരു ലോകത്തെ പറ്റിയാണ് ഞാന്‍ എപ്പോഴും പറയാറുള്ളതും സ്വപ്നം കാണുന്നതും. പക്ഷെ ഇപ്പോള്‍ അതിന് കടകവിരുദ്ധമായ രണ്ടു നയങ്ങളാണ് അമേരിക്കയില്‍ നിന്നും കാണുന്നത്.

ഇത് പക്ഷെ അമേരിക്കയിലെ മാത്രം സ്ഥിതിയല്ല.
കുടിയേറ്റത്തിനെതിരെയുള്ള വികാരം പാശ്ചാത്യ രാജ്യങ്ങളിലെല്ലാം തന്നെയുണ്ട്. പൊതുവെ കുടിയേറ്റത്തെ അനുകൂലിച്ചിരുന്ന ജര്‍മ്മനിയില്‍ പുതിയ തിരഞ്ഞെടുപ്പ് വരുന്നു, പ്രധാന വിഷയം കുടിയേറ്റം തന്നെയാണ്. കുടിയേറ്റത്തിന് എതിരായ നയങ്ങള്‍ ഉള്ളവര്‍ക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിലുള്ളവര്‍ക്ക് ഇതില്‍ വലിയ അതിശയം ഉണ്ടാകേണ്ടതില്ല. ആഗോളകുടിയേറ്റം കൊണ്ട് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ സംസ്ഥാനം ആയിട്ട് പോലും മറുനാട്ടില്‍ നിന്നും തൊഴിലാളികള്‍ വരുന്നതിനെ അസഹിഷ്ണുതയോടെ കാണുന്ന, അവരില്‍ ഭൂരിഭാഗവും  മയക്കുമരുന്ന് ഉപയോഗക്കാരും കുറ്റവാളികളും 'നമ്മുടെ' പണം 'പുറത്തേക്ക്' കടത്തുന്നവരും ആണെന്നുമുള്ള പൊതുബോധം ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ മറ്റു പ്രദേശങ്ങളിലും അവിടെ എത്തുന്ന (നമ്മള്‍ ഉള്‍പ്പടെയുള്ള) കുടിയേറ്റക്കാരെ പറ്റി അത്തരം ചിന്ത ഉണ്ടാകുന്നതില്‍ ഒട്ടും അതിശയിക്കേണ്ടതില്ല.

അതിരുകള്‍ ഇല്ലാത്ത ലോകം അവസാനിച്ചോ? ഇനി മതിലുകളുടെ കാലമാണോ?

സാമ്പത്തികവും ജനസംഖ്യാപരവും ആയ കാരണങ്ങളാല്‍ കുടിയേറ്റം എന്ന പ്രതിഭാസം നിലനില്‍ക്കും എന്ന് മാത്രമല്ല അത് വര്‍ദ്ധിക്കുകയും ചെയ്യും. കുടിയേറ്റത്തിന് എതിരായി നയങ്ങളും പദ്ധതികളും ഉണ്ടാക്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുടിയേറ്റം കൊണ്ട് ഉണ്ടാകുന്നതിനേക്കാള്‍ മുകളില്‍ നില്‍ക്കും. ഇത് പതുക്കെപ്പതുക്കെ മനസ്സിലായി തുടങ്ങുമ്പോള്‍ പെന്‍ഡുലം മറ്റേ വശത്തേക്ക് നീങ്ങും.

പാശ്ചാത്യ രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രശ്‌നം അവര്‍ നിയമപരമായുള്ള കുടിയേറ്റം ഏറ്റവും ബുദ്ധിമുട്ടുള്ളതാക്കി വെക്കുകയും നിയമപരമല്ലാതെ ആളുകള്‍ എത്തിയാല്‍ അവരെ കൈകാര്യം ചെയ്യാനുള്ള സംവിധാനം കാര്യക്ഷമം അല്ലാതായിരിക്കുന്നതും ആണ്. ഇത് അങ്ങോട്ടേക്ക് നിയമപരമായി തൊഴില്‍ തേടി വരാന്‍ ആഗ്രഹിക്കുന്നവരേയും നിയമപരമായി മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ തൊഴിലിന് നിയമിക്കാന്‍ ആഗ്രഹിക്കുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്കും തൊഴില്‍ തേടി എത്തുന്ന വേണ്ടത്ര രേഖകള്‍ ഇല്ലാത്തവര്‍ക്ക് മിനിമം വേതനമോ മറ്റു ആനുകൂല്യങ്ങളോ നല്‍കാതെ പണിയെടുപ്പിക്കുന്നവര്‍ക്കും ആണ് ഇത് ഗുണകരമാക്കുന്നത്.

വാസ്തവത്തില്‍ നിയമപരമായ കുടിയേറ്റം കുടിയേറുന്നവര്‍ക്കും അവരെ അയക്കുന്ന രാജ്യത്തിനും അവര്‍ എത്തുന്ന രാജ്യങ്ങള്‍ക്കും ഗുണകരമായ വിന്‍-വിന്‍-വിന്‍ സാഹചര്യം ആണെന്ന് അനവധി പഠനങ്ങള്‍ ഉണ്ട്. പക്ഷെ നിലവിലുള്ള സംവിധാനങ്ങള്‍ ഇതിനെ ലോസ്-ലോസ്-ലോസ് സാഹചര്യം ആക്കുന്നു.
ഇപ്പോള്‍ നടക്കുന്ന നാടകീയമായ സംഭവങ്ങള്‍ ഈ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ, മാനുഷികമായ നയങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നും നാലു വര്‍ഷം കഴിയുമ്പോള്‍ കുടിയേറ്റങ്ങള്‍ ഇപ്പോഴത്തേതിനേക്കാള്‍ കൂടുമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഉയര്‍ന്ന ചുങ്കം ചുമത്തുന്നത് നല്ല നയമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. പക്ഷെ ഇവിടെയും കമ്പോളത്തിന്റെ ലോജിക് ചുങ്കം കുറക്കുന്നതിന് അനുകൂലമാണ്. ചുങ്കം വര്‍ദ്ധിപ്പിക്കുന്നത് ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് വസ്തുക്കളും സേവനങ്ങളും കൂടുതല്‍ ചിലവുള്ളതാക്കുന്നു, അവരുടെ ഉപഭോഗം കുറയുന്നു, മൊത്തത്തില്‍ ജനങ്ങള്‍ക്കും രാജ്യത്തിനും നഷ്ടം ഉണ്ടാകുന്നു. ഇതാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ആഗോളമായി തീരുവകള്‍ കുറക്കാനുള്ള ശ്രമങ്ങള്‍ എപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ നാടകീയം ആണെങ്കിലും അവയുടെ പ്രത്യാഘാതങ്ങള്‍ വ്യക്തമാകുന്നതോടെ കൂടുതല്‍ യുക്തിസഹമായ നയങ്ങളും നടപടികളും ഉണ്ടാകുമെന്നും മതിലുകളുടെ ഉയരം കുറയുമെന്നും തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

 

facebook twitter