തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് മാറ്റി. പകരം എസ് ശ്രീജിത്തിന് ചുമതല നൽകി. പൊലീസിൽ ബോഡി ബിൽഡിംഗ് താരങ്ങളുടെ പിൻവാതിൽ നിയമനം വിവാദമായത്തിനു പിന്നാലെയാണ് ചുമതല മാറ്റം.
പോലീസിലെ കായിക ചുമതലകളുണ്ടായിരുന്നത് എം.ആര് അജിത് കുമാറിനാണ്. കായികമേഖലയിലെ റിക്രൂട്ട്മെന്റുകളടക്കം നോക്കിയിരുന്നത് അജിത് കുമാറായിരുന്നു. നേരത്തെ രണ്ട് ബോഡി ബിൽഡർ താരങ്ങളെ പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തു. കത്തിൽ മാനദണ്ഡങ്ങളിൽ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എം ആർ അജിത് കുമാറിനെ മാറ്റിയത്.