കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് സംസ്‌കാരം ലോകത്തുതന്നെ അപൂര്‍വമായിരിക്കുമെന്ന വിമര്‍ശനം ഏറെക്കാലമായുണ്ട്. ലക്കും ലഗാനുമില്ലാത്ത ഡ്രൈവിങ്ങും ചെറിയൊരു ഉരസലില്‍ പോലും റോഡില്‍ നടക്കുന്ന കൈയ്യാങ്കളിയുമെല്ലാം നാണക്കേടുണ്ടാക്കുന്നതാണ്.
കഴിഞ്ഞദിവസം കോഴിക്കോട് ജാതിയേരിയില്‍ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് വിവാഹ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. രണ്ടു വാഹനങ്ങളുടെ ചില്ല് അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ ഏഴുമാസം പ്രായമായ കുട്ടിക്കും പരുക്കേറ്റു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഡ്രൈവ് ചെയ്യാന്‍ ഏറെ താല്പര്യമുള്ള താന്‍ കേരളത്തിലെത്തിയാല്‍ ഒരിക്കലും വണ്ടി ഓടിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഡ്രൈവിംഗും അടി പിടിയും
ഡ്രൈവ് ചെയ്യാന്‍ ഏറെ താല്പര്യമുള്ള ഒരാളാണ് ഞാന്‍. പക്ഷെ കേരളത്തിലെത്തിയാല്‍ ഒരിക്കലും വണ്ടി ഓടിക്കാറില്ല.
നാട്ടിലെ റോഡില്‍ അനവധി ആളുകള്‍ റോഡ് നിയമങ്ങള്‍ തെറ്റിച്ചാണ് ഓടിക്കുന്നത്. അവിടെ നിയമം അനുസരിച്ച് വണ്ടി ഓടിക്കുന്നത് അപകടം വിളിച്ചു വരുത്തലാണ്.
പക്ഷെ എന്നെ അതിലും പേടിപ്പിക്കുന്ന ഒന്നുണ്ട്. റോഡില്‍ ഒരു ചെറിയ ഉരസല്‍ എങ്കിലും ഉണ്ടായാല്‍ ഉടന്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ഗോഗ്വാ വിളിയാണ്. ചിലപ്പോള്‍ അത് കയ്യാങ്കളിയാകും. അപകടം നടന്ന സ്ഥലം, സമയം, ആളുകള്‍, അവര്‍ ഒറ്റക്കാണോ സംഘമായിട്ടാണോ, മദ്യപിച്ചിട്ടുണ്ടോ, ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതൊക്കെ അനുസരിച്ച് കൈവിട്ട കളിയും നടക്കും.
യുദ്ധം നടന്ന നാടുകളില്‍ പോലും പോയി തടിക്ക് പോറലേല്‍ക്കാതെ തിരിച്ചെത്തുന്ന എനിക്ക് സ്വന്തം നാട്ടുകാരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാന്‍ വയ്യ.
എന്തൊരു അസംബന്ധമാണ്.