കേരളത്തില്‍ ഹോം സ്‌റ്റേയ്ക്ക് വമ്പന്‍ സാധ്യതകള്‍, കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം നേട്ടമാക്കണമെന്ന് മുരളി തുമ്മാരുകുടി, വര്‍ഷം ലക്ഷങ്ങള്‍ സമ്പാദിക്കാം

09:05 AM Feb 02, 2025 | Raj C

കൊച്ചി: ടൂറിസം രംഗത്ത് അനന്ത സാധ്യകളുള്ള കേരളത്തില്‍ ഹോം സ്‌റ്റേകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. കേരള ജനസംഖ്യയുടെ അത്രയും ടൂറിസ്റ്റുകള്‍ ഇവിടെയെത്തുമെന്നും ലോകമെങ്ങുമുള്ള മാതൃകയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഹോം സ്‌റ്റേ ലോണ്‍ അവസരമാക്കണം. കേരളത്തില്‍ 10 ലക്ഷം ഹോം സ്‌റ്റേകളെങ്കിലും ആരംഭിക്കണമെന്നും മുരളി തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഹോം സ്റ്റേ
കേരളത്തിലെ ടൂറിസത്തിന് അനന്ത സാദ്ധ്യതകള്‍ ഉണ്ടെന്നും കേരളത്തിലെ ജനസംഖ്യക്ക് തുല്യമായ അത്രയും വിദേശ ടൂറിസ്റ്റുകളും അന്യ സംസ്ഥാന ടൂറിസ്റ്റുകളും എത്തുന്ന ഒരു കാലം സാധ്യമാണെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഞാന്‍ പലപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ വരുന്ന പതിനഞ്ചോ ഇരുപതോ ലക്ഷം വിദേശ ടൂറിസ്റ്റുകളില്‍ നിന്നും എണ്ണം മുന്നൂറു ലക്ഷത്തിന് മുകളില്‍ എത്തിക്കണം. അത് സാധ്യമാണ്.
കോവളവും കുമാരകവും പോലെ പത്തോ ഇരുപതോ ടൂറിസം കേന്ദ്രങ്ങളില്‍ ഓവര്‍ ടൂറിസം മുഖേന ട്രാഫിക്ക് ജാമും വിലക്കയറ്റവും മാലിന്യപ്രശ്‌നവും ഉണ്ടാക്കിയല്ല അത് സാധിക്കാന്‍ പോകുന്നത്.
കേരളത്തിലെ ആയിരം ഗ്രാമങ്ങളും ടൂറിസ്റ്റ് സാധ്യത ഉള്ളതാണ്
അവിടെ ഒക്കെ ആയിരം വീടുകള്‍ എങ്കിലും ഒഴിഞ്ഞു കിടക്കുന്നുണ്ട്
ഓരോ പഞ്ചായത്തിലും ആയിരക്കണക്കിന് വീടുകളില്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാവുന്ന ഒരു മുറിയെങ്കിലും ഉണ്ട്.
ഇവ ഒക്കെ ഉപയോഗിക്കുന്നത് എളുപ്പമാക്കിയാല്‍ ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയാക്കാന്‍ ഹോട്ടലുകള്‍ ഒന്നും ഉണ്ടാക്കേണ്ടി വരില്ല.
കേന്ദ്ര ബജറ്റില്‍ ഹോം സ്റ്റേ കള്‍ക്ക് ലോണ്‍ കൊടുക്കുമെന്ന് പറയുന്നു. നല്ല കാര്യം.
ഹോം സ്റ്റേ രംഗത്തെ 'നിയന്ത്രിക്കുന്നതില്‍'  നിന്നും സര്‍ക്കാര്‍ ഒന്ന് മാറി നില്‍ക്കണം. ഹോം സ്റ്റേ ആക്കാന്‍ വീട്ടില്‍ ഉടമസ്ഥന്‍ താമസിക്കണമെന്നും പഞ്ചായത്ത് മുതല്‍ പോലീസ് വരെ ഉള്ളവരില്‍ നിന്നും അനുമതി വേണം എന്നുമുള്ള വകുപ്പുകള്‍ ഒക്കെ മാറ്റണം.
ഹോം സ്റ്റേ ആക്കാന്‍ താല്പര്യമുള്ളവര്‍ അക്കാര്യം സര്‍ക്കാരില്‍ ടൂറിസം വകുപ്പില്‍ ഓണ്‍ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്യുക (അനുമതി അല്ല, അറിയിപ്പായി  മാത്രം), ടൂറിസം ഡിപ്പാര്‍ട്‌മെന്റിന് മറ്റു സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളില്‍ അറിയിക്കാമല്ലോ, എന്തിനാണ് സംരംഭകന്‍ മറ്റ് ഓഫിസുകളില്‍ അനുമതിക്ക് നടക്കുന്നത്?.
മുറിയില്‍ കണ്ണാടി ഉണ്ടോ എന്നൊന്നും അന്വേഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ല. അതൊക്കെ കമ്പോളം നോക്കിക്കോളും (മുറ്റത്ത്  ഹമ്മോക്ക് കെട്ടി കിടക്കാനും ടോയ്ലറ്റും ബാത്‌റൂമും ഉപയോഗിക്കാനും പത്തു ഡോളര്‍ വാങ്ങുന്ന ഹോം സ്റ്റേ ലോകത്ത് ഉണ്ട്, അവിടെ ഒക്കെ ആയിരങ്ങള്‍ പോകുന്നുമുണ്ട്).
കേരളത്തില്‍ അനുമതി ഉള്ള ആയിരം ഹോം സ്റ്റെയും അല്ലാത്തതായി അയ്യായിരവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അനുമതി വേണ്ടാത്ത പത്തുലക്ഷം ഹോം സ്റ്റേ ഉള്ള കേരളം ആണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി. കേന്ദ്രത്തിന്റെ ഈ പുതിയ പദ്ധതി ഉപയോഗപ്പെടുത്താന്‍ ഹോം സ്റ്റേ സംവിധാനത്തിന് മുകളില്‍ ഉള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയണം എന്നാണ് എന്റെ നിര്‍ദ്ദേശം.