+

കേരളത്തില്‍ സ്ഥലവില കുത്തനെ കുറയുന്നു, പഴയകാലമെല്ലാം പോയി, സ്ഥലം ഇഷ്ടംപോലെ ലഭ്യം, ഗ്രാമത്തില്‍ സ്ഥലമുണ്ടെങ്കില്‍ വിറ്റൊഴിവാക്കുന്നതാണ് ബുദ്ധിയെന്ന് മുരളി തുമ്മാരുകുടി

കേരളത്തില്‍ സ്ഥലവില കുത്തനെ കുറയുകയാണെന്ന തന്റെ നിരീക്ഷണം വീണ്ടും ആവര്‍ത്തിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: കേരളത്തില്‍ സ്ഥലവില കുത്തനെ കുറയുകയാണെന്ന തന്റെ നിരീക്ഷണം വീണ്ടും ആവര്‍ത്തിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. എന്തുകൊണ്ട് സ്ഥലവില കുറയുന്നു എന്നതിന്റെ കാരണം അദ്ദേഹം വിശദമാക്കുന്നു. ഗ്രാമങ്ങളില്‍ സ്ഥലമുണ്ടെങ്കില്‍ അത് വിറ്റൊഴിവാക്കുന്നതാണ് ബുദ്ധി. പഴയതുപോലെ പ്രവാസികള്‍ സ്ഥലം വാങ്ങാന്‍ പണം ചെലവഴിക്കുന്നില്ല. സ്ഥലം ഇഷ്ടംപോലെ ലഭ്യമാണെന്നും മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

എന്തുകൊണ്ടാണ് സ്ഥലവില കുറയുന്നത്?

'Buy land, cause God ain't making any more of it.'
'സ്ഥലം വാങ്ങൂ, കാരണം ദൈവം അത് കൂടുതല്‍ ഉണ്ടാക്കുന്നില്ല'
ഒരു നൂറ്റാണ്ട് പഴയ പ്രയോഗമാണ്

പതിവ് പോലെ മാര്‍ക്ക് ടൈ്വനിന്റെ പേരില്‍ അറിയപ്പെടുന്ന ഉദ്ധരണിയാണ്.
ലോകത്തെമ്പാടുമുള്ള ആളുകളുടെ ഉറച്ച വിശ്വാസമാണ്
പൊതുവില്‍ ശരിയുമാണ്

എന്റെ ചെറുപ്പകാലത്ത്, തൊള്ളായിരത്തി എഴുപതുകളില്‍, ഒരു ഏക്കറിന് ആയിരം രൂപക്കൊക്കെ വെങ്ങോലയില്‍ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ.
അന്ന് സെന്റിന് പത്തുരൂപക്ക് വാങ്ങിയ സ്ഥലത്തിന് ഇപ്പോള്‍ സെന്റിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയുണ്ട്.
അതായത് പതിനായിരം മടങ്ങ് വളര്‍ച്ച

തൊള്ളായിരത്തി തൊണ്ണൂറുകളില്‍ പോലും അയ്യായിരം രൂപ സെന്റിന് വാങ്ങിയ ഭൂമി രണ്ടായിരത്തി അഞ്ചയപ്പോള്‍ അഞ്ചു ലക്ഷം ആയ കഥകള്‍ ഒക്കെ ഉണ്ട്.
അതുകൊണ്ടാണ് ഭൂമി ഒരു നല്ല നിക്ഷേപം ആണെന്ന ചിന്ത ലോകത്തെവിടെയും പോലെ മലയാളികള്‍ക്കും ഉണ്ടായത്

അതുകൊണ്ടാണ് ഗള്‍ഫില്‍ നിന്നും വന്ന പണത്തിന്റെ വലിയൊരു ശതമാനം നമ്മുടെ ഭൂമിയില്‍ നമ്മള്‍ നിക്ഷേപിച്ചത്
തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഒക്കെ ഞാനും 'ഗള്‍ഫുകാരന്‍' ആയിരുന്നല്ലോ, അതുകൊണ്ട് സ്ഥലം ഒക്കെ ഞാനും വാങ്ങി. പാരമ്പര്യമായി കിട്ടിയതൊന്നും വിറ്റുമില്ല.
പക്ഷെ രണ്ടായിരത്തി എട്ടില്‍ ഒരു വര്‍ഷം നാട്ടില്‍ നിന്ന സമയത് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി
നാട്ടില്‍ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല.
കൃഷി കുറഞ്ഞു വരുന്നു. അതിനി കൂടാന്‍ പോകുന്നുമില്ല
വീടുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു. ശരാശരി കുട്ടികളുടെ എണ്ണം രണ്ടില്‍ താഴെ എത്തുന്നു. ഫ്‌ളാറ്റുകളോടുള്ള മലയാളികളുടെ മനോഭാവം മാറുന്നു. പുതിയ തലമുറയിലെ സ്ത്രീകള്‍ എങ്കിലും ഫ്‌ലാറ്റുകള്‍ ആണ് ഇഷ്ടപ്പെടുന്നത്.

 അപ്പോള്‍ കൂടുതല്‍ ആയി വീടുകള്‍ വക്കാന്‍ ഇനി സ്ഥലത്തിന്റെ ആവശ്യം കാര്യമായി ഉണ്ടാകില്ല.
നാട്ടില്‍ സ്ഥലത്തിന് യഥാര്‍ത്ഥത്തില്‍ ആവശ്യക്കാര്‍ ഇല്ലെങ്കിലും 'സ്ഥലമല്ലേ, അത് കൂടുന്നില്ലല്ലോ, മറ്റാരെങ്കിലും കൂടുതല്‍ ഉയര്‍ന്നവിലക്ക് വാങ്ങും' എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്.
ഇതിന് ഭാവിയില്ല. കേരളത്തില്‍ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകള്‍ക്ക് മനസ്സിലാകും.
 
കേരളത്തില്‍ സ്ഥലവില കുറയാന്‍ പോകുന്നുവെന്ന് രണ്ടായിരത്തി എട്ടില്‍ തന്നെ ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്.
അന്ന് ആരും അത് വിശ്വസിച്ചില്ല എന്ന് മാത്രമല്ല മൊത്തമായി പുച്ഛിച്ച് തള്ളുകയും ചെയ്തു.
പക്ഷെ രണ്ടായിരത്തി എട്ടിന് ശേഷം കേരളത്തില്‍ ഭൂമിയുടെ വില മൊത്തമായി മുകളിലേക്ക് കുത്തിക്കുന്ന സാഹചര്യം ഉണ്ടായില്ല.  
ഇതിനര്‍ത്ഥം കേരളത്തില്‍ ഒരിടത്തും സ്ഥലത്തിന് വില കൂടിയിട്ടില്ല എന്നല്ല
സിവില്‍ സ്റ്റേഷനോ ഇന്‍ഫോ പാര്‍ക്കോ മാളോ  പോലുള്ള പൊതുസ്ഥപനങ്ങള്‍ വരുന്നതിന്റെ അടുത്ത്
മെട്രോയും റോഡും  ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍
പുതിയതായി സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികള്‍ വന്ന ഇടങ്ങളില്‍
ഇവിടങ്ങളില്‍ ഒക്കെ സ്ഥലവില കൂടിയിട്ടുണ്ട്
വീട് വക്കാന്‍ സൗകര്യപ്രദമായ ചെറിയ പ്ലോട്ടുകള്‍ക്ക് (ഇരുപത് സെന്റില്‍ താഴെ) വില കൂടിയിട്ടുണ്ട്.
പക്ഷെ ഇതൊന്നും ഇല്ലാത്തയിടങ്ങളില്‍ സ്ഥലവില നിന്നിടത്ത് നില്‍ക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മൂന്നു പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്

ഒന്ന് - ഗള്‍ഫ് രാജ്യങ്ങളില്‍ വീട് വാങ്ങാനുള്ള അവകാശം പ്രവാസികള്‍ക്ക് ലഭിക്കുന്നു. വീട് വാങ്ങുന്നവര്‍ക്ക് ദീര്‍ഘകാല വിസയും അനുവദിക്കുന്നു

രണ്ട് - കേരളത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ വലിയതോതില്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നു. നാട്ടിലേക്ക് തിരിച്ചില്ല എന്നുള്ള ഉറപ്പോടെ ആണ് അവര്‍ പോകുന്നത് തന്നെ

മൂന്ന് - തൊള്ളായിരത്തി തൊണ്ണൂറുകളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കുടിയേറിയവരില്‍ ഭൂരിഭാഗവും  ഇനി നാട്ടിലേക്ക് ഇല്ല എന്നുള്ള തീരുമാനം എടുക്കുന്നു
പ്രതീക്ഷിച്ച പോലെ കൃഷി പിന്നെയും കുറയുന്നു.

 ഇതോടെ നാട്ടില്‍ വീടുകള്‍ ഉണ്ടാക്കുവാനുള്ള താല്പര്യം കുറഞ്ഞു എന്ന് മാത്രമല്ല ഉള്ള വീടും സ്ഥലവും വിറ്റ് വിദേശത്തേക്ക് പണം അയക്കാനുള്ള ശ്രമം ആരംഭിക്കുന്നു.
കൂടുതല്‍ കൂടുതല്‍ സ്ഥലം കമ്പോളത്തില്‍ എത്തുന്നു.

നാട്ടില്‍ സ്ഥലത്തിന് ഒരു ക്ഷാമവും ഇല്ല എന്ന് ആളുകള്‍ക്ക് മനസ്സിലായി തുടങ്ങുന്നു.
നമ്മള്‍ ഒരാവശ്യവുമില്ലാതെ ഊഹക്കച്ചവടത്തിന് വാങ്ങുന്ന സ്ഥലം സ്ഥലത്തിന് ഒരാവശ്യവുമില്ലെങ്കിലും ഊഹക്കച്ചവടത്തിന് വേണ്ടി വാങ്ങും എന്ന പ്രതീക്ഷ മങ്ങുന്നു.
സ്ഥലം കച്ചവടം നടക്കാതാകുന്നു
വീടും സ്ഥലവും വില്‍ക്കാതെ കിടക്കുന്നു.
ഇത് ഒരു തുടക്കം മാത്രമാണ്
കേരളത്തില്‍ നിന്നും കുട്ടികള്‍ പുറത്തേക്ക് പോവുക മാത്രമല്ല നാട്ടില്‍ കുട്ടികള്‍ ഉണ്ടാകുന്നത് കുറയുകയുമാണ്. തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഒരു വര്‍ഷത്തില്‍ ആറുലക്ഷം കുട്ടികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നാലു ലക്ഷത്തിന് താഴെ എത്തിയിരിക്കുന്നു.

കേരളത്തിന് പ്രായമാകുന്നു. വലിയ താമസമില്ലാതെ ജനസംഖ്യ തന്നെ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്
ഒറ്റക്കൊറ്റക്ക് വീടുകളില്‍ താമസിക്കുന്നവര്‍ അത് വിറ്റ് ഫ്‌ളാറ്റിലേക്കോ റിട്ടയര്‍മെന്റ് ഹോമിലേക്കോ മാറാന്‍ ശ്രമിക്കുന്നു
സ്ഥലവില വീണ്ടും കുറയുന്നു.

ഇതിനര്‍ത്ഥം കേരളത്തിലെ ഓരോ പ്ലോട്ടിനും വിലകുറയും എന്നല്ല. മുന്‍പ് പറഞ്ഞത് പോലെ ചില പോക്കറ്റുകളില്‍ വില കൂടും.
രണ്ടായിരത്തി പതിനെട്ടില്‍ പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ സ്ഥലവില ഏറെ കുറഞ്ഞിട്ടുണ്ട്. അതുപോലെ പ്രളയം ബാധിക്കാതിരുന്ന സ്ഥലങ്ങളില്‍ വില കൂടിയിട്ടുമുണ്ട്.
ഇങ്ങനെ ചില അപവാദങ്ങള്‍ ഒഴിച്ചാല്‍ കേരളത്തില്‍ സ്ഥലവില ഇനി താഴേക്ക് തന്നെയാണ്.

ഗ്രാമങ്ങളില്‍ ഇപ്പോള്‍ സ്ഥലമുള്ളവര്‍ മൊത്തമായി ഇപ്പോള്‍ കിട്ടുന്ന വിലക്ക് വില്‍ക്കുന്നത് തന്നെയാണ് ബുദ്ധി.
വെങ്ങോലയില്‍ ആണ് എനിക്ക് പാരമ്പര്യമായി സ്ഥലമുളളത്. വെള്ളം കയറാത്ത പ്രദേശം ആയതിനാല്‍ ഗോഡൗണ്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ അത്യാവശ്യം ഡിമാന്‍ഡ് ഉണ്ട്. പക്ഷെ അവര്‍ക്ക് അധികം സ്ഥലം ഒന്നും വേണ്ട.

ഏതെങ്കിലും പ്രൈവറ്റ് യൂണിവേഴ്‌സിറ്റിക്കാര്‍ കൂടുതല്‍  സ്ഥലം അന്വേഷിച്ച് വന്നാല്‍ തുമ്മാരുകുടി ഒക്കെ കച്ചവടം ആക്കുന്നതാണ് ബുദ്ധി  എന്ന് ഞാന്‍ അനിയനോടും പറഞ്ഞിട്ടുണ്ട് !

 

facebook twitter