+

17കാരന്റെ കൊലപാതകം; തലസ്ഥാനത്തെ ഞെട്ടിച്ച 'ലേഡി ഡോൺ' സിക്ര

സീലംപൂരില്‍ നടന്ന 17 വയസ്സുകാരന്റെ കൊലപാതകം  ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുനാല്‍ എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 17-ന് വൈകുന്നേരം ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കില്‍ വെച്ച് കുത്തേറ്റ് പരിക്കേറ്റ കുനാലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂഡല്‍ഹി: സീലംപൂരില്‍ നടന്ന 17 വയസ്സുകാരന്റെ കൊലപാതകം  ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുനാല്‍ എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 17-ന് വൈകുന്നേരം ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കില്‍ വെച്ച് കുത്തേറ്റ് പരിക്കേറ്റ കുനാലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന സിക്ര (Zikra) എന്ന വനിതയാണ് ഈ കൊലപാതകത്തിന് പിന്നില്‍ ആരോപണ വിധേയയായിരിക്കുന്നത്. സിക്രയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് കുനാലിന്റെ കുടുംബവും പ്രദേശവാസികളും സിക്രയ്‌ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സിക്രയെ കസ്റ്റഡിയിലെടുത്തു. കുനാലിലെ ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണത്തിലേക്കും സംഭവത്തില്‍ സിക്രയ്ക്കുള്ള പങ്കിനെക്കുറിച്ചും വ്യക്തമാകാന്‍ അന്വേഷണം തുടരുകയാണ്.

ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കില്‍ വൈകീട്ട് 7:30-ന് പാല്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു കുനാല്‍. പാല്‍ വാങ്ങി കടയില്‍ നിന്ന് മടങ്ങവേ, അഞ്ചംഗ സംഘം കുനാലിനെ ആക്രമിച്ച് ശരീരത്തില്‍ ഒന്നിലധികം തവണ കുത്തുകയായിരുന്നുവെന്ന് മാതാവ് പിടിഐയോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സാഹില്‍, റെഹാന്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു വഴക്കിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കുനാലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കുനാലിന്റെ സമുദായത്തില്‍പ്പെട്ട ചിലര്‍ സാഹിലിനെ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ കുനാലും പങ്കാളിയാണെന്ന് ധരിച്ചതിനാലാണ് കൊലപാതകം നടന്നതെന്ന് കുടുംബം വിശ്വസിക്കുന്നു. സാഹിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ലാല എന്ന വ്യക്തിയ്ക്ക് പങ്കുണ്ടെന്നാണ് സിക്ര വിശ്വസിക്കുന്നത്. ലാലയെ കണ്ടെത്താന്‍ കുനാലിനോട് സഹായം ചോദിച്ചുവെങ്കിലും കുനാല്‍ വിസമ്മതിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

സീലംപൂര്‍ പ്രദേശത്ത് 'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന സിക്ര ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്. സിക്രയുടെ കീഴില്‍ പന്ത്രണ്ടംഗ സംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്റെ ബൗണ്‍സറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണയില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുമായി സോയയെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിക്ര. തോക്ക് ഉപയോഗിക്കുന്ന റീലുകള്‍ പോസ്റ്റ് ചെയ്തതിന് മുമ്പ് ആയുധ നിയമപ്രകാരം (Arms Act) അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് 15 ദിവസം മുമ്പാണ് സിക്ര ജയില്‍ മോചിതയായത്.

facebook twitter