കണ്ണൂര്‍ :കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അധിക സീറ്റിനായി മുസ്ലിംലീഗ് സമ്മര്‍ദ്ദം തുടങ്ങിയതോടെ യു ഡി എഫ് സീറ്റ് വിഭജനം കീറാമുട്ടിയാക്കും.
കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ മൂന്ന് സീറ്റ് അധികം വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതിനായി പ്രാദേശിക നേതൃത്വങ്ങള്‍ ലീഗ് ജില്ലാ നേതൃത്വത്തെ ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനായി സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയില്ലെങ്കിലും മുന്‍ കൂട്ടി ലീഗ് രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രനും മത്സരിച്ചു. ഇത്തവണ 20 സീറ്റ് വേണമെന്നാണ് ആവശ്യം. വാരം, വെത്തിലപ്പള്ളി, തെക്കി ബസാര്‍ എന്നീ വാര്‍ഡുകള്‍ കൂടി ലീഗിന് കിട്ടണമെന്നാണ് പ്രദേശിക വികാരം.
ഇക്കാര്യം ലീഗ് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അധിക സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനം പ്രാദേശിക തലത്തില്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് കൂടി നല്‍കിയിട്ടുണ്ട്.55 അംഗങ്ങളാണ് കോര്‍പ്പറേഷനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലുള്ളത്. നിലവിലുള്ള ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് 21 അംഗങ്ങളുണ്ട്. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ചയാളാണ്. ലീഗിന് 14 അംഗങ്ങളാണുള്ളത്.സി പി എമ്മിന് 18 ഉം സി പി ഐക്ക് ഒന്നും അംഗങ്ങളുണ്ട്. ബി ജെ പിക്ക് ഒരംഗവും.
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത് 36 സീറ്റിലാണ്. സി എം പിക്ക് ഒരു സീറ്റുണ്ടായിരുന്നു.ഇത്തവണ കോര്പ്പറേഷന് വാര്‍ഡുകളുടെ എണ്ണം 55 ല്‍ നിന്ന് 56 ആയി ഉയര്‍ന്നിട്ടുണ്ട്. അധിക സീറ്റ് വേണമെന്ന ലീഗ് ആവശ്യത്തില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെ എണ്ണത്തില്‍ നിന്ന് കുറവ് വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല.
ഈ സാഹചര്യത്തില്‍ സീറ്റ് വിഭജനം യു ഡി എഫില്‍ അത്ര എളുപ്പമാകില്ല. കോര്പ്പറേഷന് സീറ്റ് വിഭജന ചര്‍ച്ചകള്‍ ജില്ലാ തലത്തിലാണ് നടത്തുക. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് സൂചന. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിന് ശേഷമായിരിക്കും സീറ്റ് വിഭജന ചര്‍ച്ചകള്‍ ചൂട് പിടിക്കുക. കോര്‍പ്പറേഷനില്‍ മേയര്‍ പദവി വെച്ച് മാറല്‍ സംഭവിച്ചും ഇത്തവണ തുടക്കത്തില്‍ തന്നെ ചര്‍ച്ചയാകും. നിലവില്‍ മൂന്ന് വര്‍ഷം കോണ്‍ഗ്രസും രണ്ട് വര്‍ഷം ലീഗും എന്നാണ് ഫോര്‍മുല. ഇത് രണ്ടര വര്‍ഷം വീതം വേണമെന്നാണ് ലീഗിന്റെ ആവശ്യം.ലീഗിന് കൂടുതല്‍ പരിഗണന വേണമെന്നാണ് പ്രാദേശിക നേതൃത്വങ്ങള്‍ ജില്ലാ നേതൃത്വത്തിന് മേല്‍ നടത്തുന്ന സമ്മര്‍ദ്ദം. പ്രാദേശിക ഘടകങ്ങളുടെ കടുംപിടുത്തം ജില്ലാ നേതൃത്വത്തിനും തലവേദനയായി മാറും. പ്രാദേശിക ഘടകങ്ങളുടെ ആവശ്യം നടന്നില്ലെങ്കില്‍ അത് പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങുമെന്നാണ് സൂചന.