ചേരുവകൾ:
മട്ടൻ- 2 കിലോ
സവാള- 10 എണ്ണം
തക്കാളി- ഒന്ന് എണ്ണം
വെളുത്തുള്ളി- ഒരു കൂട്
ഇഞ്ചി- ചെറിയ കഷണം
ഏലക്കായ- 15 എണ്ണം
ഗ്രാമ്പൂ- 15 എണ്ണം
കറുവപ്പട്ട ഇല- 10 എണ്ണം
പട്ട- മൂന്നു കഷണം
ജീരകം- അര സ്പൂണ്‍
മല്ലി- ഒരു സ്പൂണ്‍
ബസ്മതി അരി- 2 കിലോ
വെള്ളം^ ഒരു കപ്പ് അരിക്ക് രണ്ടു കപ്പ് വെള്ളം
യെല്ലോ ഫുഡ് കളര്‍- ഒരു സ്പൂൺ
പച്ചമുളക്- 10 എണ്ണം
ബട്ടര്‍- 100 ഗ്രാം
കശുവണ്ടിപ്പരിപ്പ്- 10 എണ്ണം
നെയ്യ്- മൂന്നു സ്പൂണ്‍
എണ്ണ -മൂന്നു സ്പൂണ്‍
ഉണക്കമുന്തിരി- ആവശ്യത്തിന്
കിവ്റ വാട്ടര്‍ (എസെന്‍സ്)- ഒരു സ്പൂണ്‍
മുട്ട -നാല് എണ്ണം
സ്പെഗത്തി- ആവശ്യത്തിന്
നാരങ്ങ- രണ്ട് എണ്ണം
തയാറാക്കേണ്ടവിധം:
മട്ടൻ വലിയ കഷണമായി മുറിച്ച് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. വെള്ളത്തില്‍ ഉപ്പുമിടണം. നല്ലപോലെ തിളച്ചുവരുമ്പോള്‍ അതിലേക്ക് മേല്പറഞ്ഞ ചേരുവകളില്‍ മല്ലിവരെയുള്ളവ ഇടണം. സവാള നാലെണ്ണമേ ഇടാവൂ. ജീരകവും മല്ലിയും കഴുകിയാണ് ഇടേണ്ടത്. എന്നിട്ട് പാത്രം അടച്ചുവെച്ച് വീണ്ടും ഒന്നര മണിക്കൂര്‍കൂടി വേവിക്കണം. ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ വെന്തു പാകമായ ഇറച്ചിക്കഷണങ്ങളെടുത്ത് ഒരു ട്രേയിലേക്ക് വെക്കണം.
ഇറച്ചി വെന്ത വെള്ളം (Stock Water) നാലു തവി കോരിയെടുത്ത് ഒരു പാത്രത്തില്‍ ഒഴിച്ച് മഞ്ഞപ്പൊടി (ഭക്ഷണത്തിനു നിറം ചേര്‍ക്കാനുള്ള പൊടി) കലക്കണം. ശേഷം അതെടുത്ത് ട്രേയില്‍ വെച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങളുടെ മുകളിലൊഴിക്കണം. എന്നിട്ട് ആ ട്രേ അലുമിനിയം ഫോയില്‍കൊണ്ട് മൂടി അരമണിക്കൂര്‍ ഓവനില്‍ വെക്കണം.
അരി കഴുകി അരമണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കണം. നേരത്തേ ബാക്കിവെച്ച സ്റ്റോക്ക് വാട്ടറെടുത്ത് അരിച്ചെടുത്ത് അതില്‍ കുറച്ച് ബട്ടര്‍ ഇടണം. ശേഷം കുതിര്‍ത്ത അരിയിടണം. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് എന്ന അനുപാതത്തിലാണ് സ്റ്റോക്ക് വാട്ടറെടുക്കേണ്ടത്.
അരിയിട്ടുകഴിഞ്ഞാല് അടുപ്പില്‍വെച്ച് വേവിക്കുക. ചോറായി വെന്തുവരുമ്പോള്‍ അതിലേക്ക് പച്ചമുളകുകള്‍ ഇടണം. മൂന്ന് സവാള ചെറുതായി അരിഞ്ഞത്, ഒരു പിടി കശുവണ്ടിപ്പരിപ്പ്, മൂന്ന് സ്പൂണ്‍ നെയ്യ്, മൂന്ന് സ്പൂണ്‍ എണ്ണ എന്നിവ ഒരു ഫ്രൈ പാനില്‍ വഴറ്റിയെടുത്ത് അതും ചോറിെൻറ വെള്ളം വറ്റിവരുമ്പോള്‍ മുകളില്‍ വിതറണം. ഉണങ്ങിയ മുന്തിരിയും കൂടെ ഇടണം.
കിവ്റ വാട്ടര്‍ ഒരു സ്പൂണ്‍ ചോറിന്റെ മുകളില്‍ ഒഴിക്കണം. എന്നിട്ട് മൂടികൊണ്ട് അടച്ച് ചെറിയ തീയില്‍ അഞ്ചു മിനിറ്റ് വെച്ച് ആവി വരുത്തണം. ശേഷം തീയണച്ച് അടുപ്പില്‍ നിന്നിറക്കിവെക്കണം. മന്തിക്ക് പുകമണം വേണമെങ്കില്‍ വെന്ത ചോറിെൻറ നടുക്ക് നെയ്യൊഴിച്ച ഒരു സ്റ്റീല്‍ ബൗള്‍ വെക്കണം. അതിനുള്ളില്‍ നെയ്യിലേക്ക് കത്തിക്കൊണ്ടിരിക്കുന്ന ഒരു കനലെടുത്തിടണം.
അതിനുശേഷം ചെമ്പ് അലുമിനിയം ഫോയിൽകൊണ്ട് അടച്ചുവെച്ച് അഞ്ചു മിനിറ്റ് ചെറിയതീയില്‍ ആവി വരുത്തണം. കുഴിമന്തിയുടെ അതേ രുചിയും ഗുണവും ഈ രീതിയില്‍ ചെയ്താല്‍ കിട്ടും.
മന്തി വിളമ്പുന്ന വിധം
വെന്ത ചോറിന്റെ മുകളിലുള്ള ഉള്ളിയും കശുവണ്ടിപ്പരിപ്പും മറ്റു സാധനങ്ങളും മുഴുവന്‍ എടുത്ത് മറ്റൊരു പാത്രത്തില്‍ വെക്കണം. ശേഷം ചോറ് വിളമ്പുന്നതിനുള്ള വലിയ പാത്രത്തിലേക്ക് കമിഴ്ത്തണം. പാസ്ത നൂഡ്ല്സ്, മുട്ട എന്നിവ വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കണം. ചോറിന്റെ മുകളില്‍ അലങ്കാരത്തിനുള്ളതാണ് ഇത്.
ഇത്രയും തയാറായിക്കഴിഞ്ഞാല്‍ ആദ്യം വലിയ പാത്രത്തിലേക്ക് ചോറ് വിളമ്പണം. അതിനു മുകളില്‍ അണ്ടിപ്പരിപ്പ്, ഉള്ളി തുടങ്ങിയ സാധനങ്ങള്‍ വിതറണം. ഒപ്പം നൂഡ്ല്‍സും. പിന്നെ ഇറച്ചിക്കഷണങ്ങളെടുത്ത് വെക്കാം. ശേഷം പുഴുങ്ങി തോട് കളഞ്ഞ മുട്ടകളും മുറിച്ച തക്കാളി, നാരങ്ങ എന്നിവയും മുകളില്‍വെച്ച് അലങ്കരിക്കണം. മന്തി റെഡി.