കണ്ണൂർ :ഹൈക്കോടതി ഉത്തരവ് ഗവർണ്ണർമാരുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണ്ണർ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ തീക്കളിയാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. സർവ്വകലാശാലകളെ കാവിവത്കരിക്കാന്നുള്ള ശ്രമത്തിനെതിരായ സമരം തുടരുമെന്നും സർക്കാർ നിലപാടാണ് ശരി എന്നാണ് കോടതി വിധിയിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
കാവിവത്കരണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിൻ്റേതെന്നും അദ്ദേഹം കൂട്ടിചേർത്തു.
വി സി നിയമന കേസിൽ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. താത്ക്കാലിക വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് വേണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച ഡിവിഷൻ ബെഞ്ച്, ഗവർണറുടെയും സിസ തോമസിൻ്റെയും അപ്പീൽ ഹർജികൾ തള്ളി.
കെ ടി യു , ഡിജിറ്റൽ സർവകലാശാലകളിലേക്ക് തന്നിഷ്ട പ്രകാരം താത്ക്കാലിക വി സി മാരെ നിയമിച്ച ഗവർണറുടെ നടപടി മുൻപ് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഗവർണർ സമർപ്പിച്ച അപ്പീൽ ഹർജിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്.