
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം ഇന്നലെയാണ് ദാരിദ്ര മുക്തമാക്കിയത് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. എല്ലാ കോര്‍പ്പറേഷനും പഞ്ചായത്തും ജില്ലയും അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കേരളം ലോകശ്രദ്ധ നേടിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അത് സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഇതിനെ ‘വമ്പൻ തട്ടിപ്പ്’ എന്ന് വിശേഷിപ്പിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. “എല്ലാ കോർപ്പറേഷനും പഞ്ചായത്തും ജില്ലയും അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഈ വി.ഡി. സതീശൻ എവിടെയായിരുന്നു? അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി ഞാനായിരുന്നു. നാലര കൊല്ലമായി ഇത് തുടങ്ങിയിട്ട്. അന്നൊന്നും ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തെ ലോകം ശ്രദ്ധിച്ചപ്പോൾ അത് സഹിക്കുന്നില്ല. അതുകൊണ്ടാണ് സതീശനുൾപ്പെടെ ഉളളവർ വമ്പൻ തട്ടിപ്പ് എന്ന് പറയുന്നത്. പ്രതിപക്ഷ നേതാവിന് എന്ത് കളവും പറയാൻ മടിയില്ല.” എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതിദാരിദ്ര്യം അവസാനിപ്പിച്ച ലോകത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും, ഈ ലക്ഷ്യം കൈവരിച്ച ബദൽ നയമാണ് കേരളം നടപ്പാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു. ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ അന്ധതയിൽ എന്തും എഴുതാമെന്ന് കരുതുകയാണ്. ശുദ്ധ അസംബന്ധമാണ് എഴുന്നെള്ളിക്കുന്നത്. ഇതൊന്നും ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ല,’ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.