കോഴിക്കോട്: യുഡിഎഫ് മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന ശശി തരൂര്‍ എം പിയുടെ പ്രസ്താവനയെ അനുകൂലിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കോണ്‍ഗ്രസിന് കൃത്യ നേതൃത്വമില്ല, ഇങ്ങനെയാണ് പോകുന്നതെങ്കില്‍ മൂന്നാമതും യുഡിഎഫ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നാണ് തരൂര്‍ പറഞ്ഞത്. അത് ശരിയാണ്. എല്‍ഡിഎഫും സിപിഐഎമ്മും പറയുന്ന കാര്യമാണ് തരൂര്‍ പറഞ്ഞതെന്ന് എം വി ഗോവന്ദന്. കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന നേതാവാണ് തരൂരെന്നും അദ്ദേഹത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ലായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്.