പൊലിസിനെ ഉപയോഗിച്ചു പൊതു പ്രവർത്തകരെ ക്രൂരമായി അടിച്ചൊതുക്കുകയെന്ന് ഇടതുപക്ഷ സർക്കാരിൻ്റെ നയമല്ല : എം.വി ജയരാജൻ

04:00 PM Sep 12, 2025 | AVANI MV

കണ്ണൂർ : പൊലിസിനെ ഉപയോഗിച്ചു പൊതു പ്രവർത്തകരെ ക്രൂരമായി അടിച്ചൊതുക്കുകയെന്ന് ഇടതുപക്ഷ സർക്കാരിൻ്റെ നയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് നേതാവി മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊലിസ് സേനയിലെ ചിലർ ഇതു മനസിലാക്കാതെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നിയമപരമായി നീങ്ങും. ഈ നാട്ടിൽ എല്ലാത്തിനും നടപടിക്രമങ്ങളുണ്ട്. ഈ സർക്കാരിൻ്റെ കാലത്ത് അതുകൊണ്ടാണ് 114 ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കിയത്. അടൂരിൽ പൊലീസ് മർദ്ദനത്തിൽ ഡി.വൈ.എഫ് ഐ നേതാവ് മരണമടഞ്ഞ സംഭവവും അന്വേഷിക്കും. ആർക്കെതിരെ മർദ്ദനമുണ്ടായാലും നടപടിയുണ്ടാവണം. പൊലിസ് മർദ്ദനത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചിട്ടില്ല. നിയമസഭാ സമ്മേളനം വരുന്നുണ്ടല്ലോ അദ്ദേഹം പ്രതികരിക്കും. ഈ കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടന്നുവരികയാണ്.

ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടാവും. കെ.ടി ജലീലിൻ്റെ ആരോപങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. പി.കെ. ഫിറോസ് ഇതിന് നൽകിയ മറുപടികൾ കുമ്പളങ്ങ കട്ടവൻ്റെ തലയിലെ നര പോലെയാണ്. ആരോപണങ്ങളെല്ലാം തെളിവുകളോടെയാണ് പുറത്തു വന്നത്. ഇതൊന്നും ഫിറോസിന് നിഷേധിക്കാനായിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ പ്രശ്നമില്ല. അതു ശരിയോ തെറ്റോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ആരോപണ വിധേയരായ എം.എൽ.എമാർ ഇതിനു മുൻപും നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടം പീഡിപ്പിച്ച വരെല്ലാം കോൺഗ്രസിനകത്തുള്ളവരാണ്. അങ്ങനെ വരുമ്പോൾ ആ പാർട്ടിയിൽ സ്വാഭാവികമായ പൊട്ടിത്തെറിയുണ്ടാകും. കോൺഗ്രസിനകത്ത് രാഹുലിനെ സഹായിക്കാൻ പരസ്പര സഹായ സഹകരണ സംഘങ്ങളുണ്ടെന്നും എം വിജയ രാജൻ ആരോപിച്ചു..