മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധനയില്‍ പിടികൂടിയ എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചു. എറണാകുളം ജില്ലയില്‍ മാത്രം 500 ഓളം എയര്‍ ഹോണുകളാണ് പിടികൂടിയത്. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഒക്ടോബര്‍ 13 മുതല്‍ 19 വരെയാണ് സംസ്ഥാന വ്യാപകമായി എയര്‍ ഹോണ്‍ പരിശോധന നടന്നത്. എയര്‍ ഹോണുകള്‍ മുഴക്കി അമിതവേഗതയില്‍ സഞ്ചരിച്ച 211 വാഹനങ്ങളാണ് പിടികൂടിയത്.
മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ പിടിയിലായ വാഹനങ്ങള്‍ക്ക് 4,48,000 രൂപ പിഴയും ചുമത്തി. പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ റോഡ് റോളറും ജെസിബിയും ഉപയോഗിച്ച് നശിപ്പിച്ചു. വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ഡ്രൈവിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം മാത്രം ഇത്തരത്തില്‍ 53 വാഹനങ്ങളാണ് പിടികൂടിയത്. ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ 141 വാഹനങ്ങളും പിടികൂടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളിലും എയര്‍ ഹോണുകള്‍ വ്യാപകമാണ്. ശബ്ദ മലിനീകരണത്തിന് കാരണമാകുന്ന എയര്‍ ഹോണുകള്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായി നടപടികള്‍ ഉണ്ടാകും.