ആലപ്പുഴ: സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ നടക്കുന്ന എൻറെ കേരളം 2025 പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ്‌യുഎം) പവലിയൻ. നിർമ്മിതബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങൾക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയൻ. ആലപ്പുഴ ബീച്ചിൽ ഒരുക്കിയിട്ടുള്ള പ്രദർശന മേളയിലെ കെഎസ്‌യുഎം പവലിയൻ മേയ് 12 വരെ സന്ദർശിക്കാം.
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നേരിട്ടറിയാൻ സാധിക്കുന്ന എക്സ്പീരിയൻസ് സെൻററുകളായാണ് കെഎസ്‌യുഎമ്മിൻറെ പവലിയൻ പ്രവർത്തിക്കുന്നത്. നിർമ്മിത ബുദ്ധി, ഓഗ്മെൻറഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ത്രിഡി പ്രിൻറിംഗ്, ഡ്രോൺ, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദർശനമാണ് നടത്തുന്നത്. 'ആൾ ഫോർ കോമൺ പീപ്പിൾ' എന്ന ആശയത്തിലാണ് പവലിയൻ ഒരുക്കിയിട്ടുള്ളത്.
ഭാവിയിലെ സാങ്കേതികവിദ്യകളുടെ പരിവർത്തനാത്മകമായ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുന്നതാണ് ഈ പവലിയനെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തിൽ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രദർശനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബ്ദത്തിലൂടെ വീഡിയോ നിർമ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കൽ, പുതുതലമുറ വാക്കുകളുടെ വിശകലനം, എആർ വിആർ കണ്ണടകൾ, ഗെയിമുകൾ, ഡോഗ്ബോട്ട് എന്ന റോബോട്ട് നായ, കുട്ടികൾക്ക് ക്ലാസെടുക്കുന്ന റോബോട്ട്, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചർ, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകളെ പ്രദർശനത്തിൽ നേരിട്ടറിയാം.
ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ നടന്ന എൻറെ കേരളം 2025 പ്രദർശന വിപണന മേളയിൽ മികച്ച പവലിയനായി കെഎസ്‌യുഎമ്മിൻറെ പവലിയൻ തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയം.