മ്യാൻമർ സംഘർഷം : 4,000 ത്തോളം പേർ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്

11:05 AM Jul 08, 2025 | Neha Nair

യുദ്ധക്കെടുതിയിൽ തകർന്ന മ്യാൻമറിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 4,000 ത്തോളം പേർ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. ചിൻ സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് അഭയാർത്ഥികൾ അയൽരാജ്യമായ ഇന്ത്യയിലേക്ക് എത്തുന്നത്. വനമേഖലകളിലൂടെയാണ് ഇവർ രാജ്യത്തേക്ക് എത്തുന്നത് എന്ന് മിസോറാം സംസ്ഥാന ആഭ്യന്തര സെക്രട്ടറി വൻലാൽമാവിയ
എഎഫ്‌പിയോട് പറഞ്ഞു.

പലർക്കും ഇന്ത്യൻ ഭാഗത്ത് ബന്ധുക്കളുണ്ട്, അതിനാൽ അഭയാർത്ഥികൾ അവർക്കൊപ്പം താമസിക്കും എന്നും മറ്റുള്ളവരെ കമ്മ്യൂണിറ്റി ഹാളുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നും വൻലാൽമാവിയ എഎഫ്‌പിയോട് പറഞ്ഞു .കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഏകദേശം 4,000 പേർ വന്നിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചിൻലാൻഡ് എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ നിയന്ത്രണത്തിനായി സൈനിക ഭരണത്തെ എതിർക്കുന്ന ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ”അതിർത്തിയുടെ മറുവശത്ത് സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്, അതിനാൽ ഞങ്ങൾ അവരോട് മടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ല,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.